വ്യാപാരികൾ സമരത്തിൽ
കൊച്ചി: ലോക്ക് ഡൗണിൽ ഇളവുകൾ വന്നെങ്കിലും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ കച്ചവടം ക്ലച്ചു പിടിച്ചിട്ടില്ല. കെട്ടിട വാടക, വൈദ്യുതി ബില്ല്, ബാങ്ക് വായ്പ എന്നിവ തുടർച്ചയായി മുടങ്ങിയിട്ട് മാസം നാലാവുന്നു. കടത്തിന് മേൽ കടം കയറിയ അവസ്ഥയിലാണ് പലരും.
കൊവിഡ് സമാശ്വാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വാടക ഇളവ് ഇതുവരെയും തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ചിട്ടില്ല. വാടക ഇളവ് ആവശ്യപ്പെട്ട് ജൂലായ് രണ്ടിന് സംസ്ഥാനവ്യാപകമായി സമരം നടത്താനൊരുങ്ങുകയാണ് വ്യാപാരികൾ.
കടത്തിൻമേൽ കടം
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ 10000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ വാടകയിലാണ് പ്രവർത്തിക്കുന്നത്. എം.ജി. റോഡിലേക്ക് മാറിയാൽ വാടക ലക്ഷങ്ങളാകും. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച മുറയ്ക്ക് കടകൾ തുറന്നെങ്കിലും പ്രതിദിന വരുമാനം ആയിരം രൂപ പോലും ലഭിക്കാത്തവർ നഗരത്തിലിന്നുണ്ട്.
അടഞ്ഞു കിടന്ന മാസങ്ങളിലെ വൈദ്യുതി ബിൽ ഇരട്ടിയായതും പ്രതിസന്ധി രൂക്ഷമാക്കി. വായ്പകൾക്ക് ഇളവു വന്നത് ആശ്വാസമാകുന്നുണ്ടെങ്കിലും പിഴപലിശ പാരയാകുമെന്ന ആശങ്കയും ഇവർക്കുണ്ട്.
ജി.സി.ഡി.എ, നഗരസഭാ
കെട്ടിടങ്ങളിലും ഇളവില്ല
ജി.സി.ഡി.എ, നഗരസഭാ കെട്ടിടങ്ങളിലെ വ്യാപാരികൾക്കും വാടക ഇളവുകൾ പ്രഖ്യാപിച്ചിട്ടില്ല. ജി.സി.ഡി.എയുടെ സ്റ്റേഡിയം, ഷോപ്പിംഗ് കോംപ്ലക്‌സ്, മറൈൻഡ്രൈവ് എന്നിവിടങ്ങളിൽ തന്നെ നിരവധി പേരാണ് കച്ചവടസ്ഥാപനങ്ങൾ നടക്കുന്നത്. വാടക ഇളവിനായി സമീപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. നഗരസഭകളുടെ കാര്യത്തിലും ഇതാണ് അവസ്ഥ.
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിൽ പ്രതിഷേധ ധർണ
എറണാകുളം ജില്ലയിലെ വാടക ഇളവ് നൽകാത്ത മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിക്കും. ജൂലായ് രണ്ടിന് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്നത് സൂചനാ സമരമാണ്. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കും.
പി.സി. ജേക്കബ്
ജില്ലാ പ്രസിഡന്റ്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി