അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽ ചെയറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോൾ ഇരുകാലുകളുടേയും ചലനശേഷി നഷ്ടപ്പെട്ട മൂക്കന്നൂർ പഞ്ചായത്തിൽ എം.എസ് കൃഷ്ണൻ മാളിയേക്കലിന് വീൽ ചെയർ നൽകി വിതരണോദ്ഘാടനം നടത്തി.
വൈസ് പ്രസിഡന്റ് വത്സസേവ്യർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.പി.ജോർജ്ജ്, കെ. പി. അയ്യപ്പൻ, റെന്നി ജോസ്, സ്കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിജു ഈരാളി, എ.എ. സന്തോഷ്, ഗ്രേസി റാഫേൽ, എൽസി വർഗീസ്, ശിശു വികസന പദ്ധതി ഓഫീസർ എൻ.ദേവി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കറുകുറ്റി, മൂക്കന്നൂർ, തുറവൂർ, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരിൽ നിന്ന് ഗ്രാമസഭകൾ വഴി അപേക്ഷിച്ചവരെ സംസ്ഥാന വികലാംഗ വികസന കോർപ്പറേഷന്റെ മെഡിക്കൽ ബോർഡ് പരിശോധിച്ച് യോഗ്യരെന്ന് കണ്ടെത്തിയ 25 ഗുണഭോക്താക്കൾക്കാണ് ഒന്നേകാൽ ലക്ഷം രൂപ വീതം വിലയുള്ള ഇലക്ട്രോണിക് വീൽ ചെയറുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.