കോലഞ്ചേരി:ജെസീറ്റ ജീവതത്തിലേയ്ക്ക് ചിരിച്ചെത്തുന്നു. സങ്കീർണ്ണമായ ശസ്ത്രക്രിയ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോൾ അങ്കമാലിയിൽ പിതാവിന്റെ ക്രൂരതയ്ക്കിരയായ രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞ് ജെസീറ്റ മേരി ഷൈജു ആശുപത്രിയിൽ അമ്മ സഞ്ജാ മയയെ തിരിച്ചറിഞ്ഞ് ചിരിച്ചു.

കുട്ടിയുടെ ആരോഗ്യ നിലയിൽ ഗണ്യമായ പുരോഗതിയുണ്ടെന്നാണ് കോലഞ്ചേരി മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം അറിയിച്ചത്. കൈകാലുകളുടെ ചലന ശേഷി വീണ്ടെടുത്തു. നേരിയ പനി ബാധിച്ചെങ്കിലും ഭേദമായി വരുന്നു. മുലപ്പാൽ യഥേഷ്ടം കുടിയ്ക്കുന്ന കുട്ടി കളിക്കാനും, ചിരിക്കാനും ശ്രമിക്കുന്നത് ശുഭ സൂചകമായാണ് ഡോക്ടർമാർ കാണുന്നത്.

കുട്ടിയുടെ ഈ അവസ്ഥ തുടർന്നാൽ ഒരാഴ്ചയ്ക്കകം ഡിസ് ചാർജ് ചെയ്യാനാകും. നേപ്പാളി സ്വദേശിയായ സഞ്ജാ മയയെ അങ്കമാലി സ്വദേശിയായ ഷൈജു നവ മാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ടാണ് വിവാഹം കഴിച്ചത്. തുടർന്ന് ഇയാളുടെ അങ്കമാലിയിലെ വീട്ടിൽ കൊടിയ പീഡനമാണ് യുവതി അനുഭവിച്ചത്. ഒടുവിൽ കുഞ്ഞു പിറന്നപ്പോൾ പിതൃത്വത്തിന്റെ പേരിലുള്ള സംശയത്തിലാണ് കുഞ്ഞിനെ കാലിൽ പിടിച്ച് തൂക്കി കട്ടിലിലേയ്ക്കെറിഞ്ഞത്.