കൊച്ചി: മട്ടാഞ്ചേരി പള്ളിയറക്കാവ് ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ചിത്രശാല വീട്ടിലേക്ക് കയറുമ്പോൾ സ്വീകരണമുറിയിലെ ചുവരുകൾ നിറയെ ചിത്രങ്ങളാണ്. മട്ടാഞ്ചേരിയുടെയും കൊച്ചിയുടെയും പ്രകൃതിഭംഗി മാത്രമല്ല, മോഹൻലാലും രജനികാന്തും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു ചിരിച്ച് അവിടെയുണ്ട്. പള്ളുരുത്തി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിൽ പ്ളസ്ടു വിദ്യാർത്ഥിയായ അച്യുത് ഷേണായി ലോക്ക് ഡൗൺ കാലത്ത് വരച്ചതാണിതെല്ലാം. ഒരൊറ്റ ചിത്രം ബാക്കിയില്ലാതെ അതെല്ലാം വിറ്റുപോകണമെന്ന് ഈ പതിനാറുകാരന് ആഗ്രഹമുണ്ട്. തനിക്ക് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടി. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക കൊവിഡ് പോരാട്ടത്തിന് പണം സ്വരൂപിക്കാൻ പ്രധാനമന്ത്രിയുടെ ഫണ്ടിലേക്കാണ്. ഇതിനോടകം അയ്യായിരം രൂപ സ്വരൂപിച്ചിട്ടുണ്ട്.
രണ്ടുവർഷം മുമ്പ് പ്രളയജലത്തിൽ കേരളം മുങ്ങിയപ്പോഴും അച്യുതൻ ഇതുപോലെ തന്നാലാവുന്ന സഹായം ചെയ്തിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് തുക നൽകിയത്. വരയ്ക്കാനുള്ള മാനസികാവസ്ഥ അനുസരിച്ച് രണ്ട് മണിക്കൂർ മുതൽ രണ്ട് ദിവസം വരെയെടുത്താണ് അച്യുതൻ ഓരോ ചിത്രവും പൂർത്തിയാക്കിയത്.ചിത്രകാരനായ അച്ഛൻ ദിനേശ് ഷേണായിയിൽ നിന്നാണ് അച്യുതൻ ചിത്രരചന പഠിച്ചത്. കൊച്ചിയിലെ ആദ്യ ബിനാലെ കാലത്ത് ബി.ബി.സിയിൽ വാർത്തയായിട്ടുണ്ട് അച്യുതൻ ഷേണായ്. അന്ന് അച്ഛനൊപ്പം സ്ട്രീറ്റ് ഡ്രോയിംഗ് പഠിക്കാനും വരയ്ക്കാനും പോയ കുഞ്ഞ് അച്യുതനെയാണ് ബി.ബി.സി വാർത്തയാക്കിയത്. പത്തുവയസിൽ സ്വന്തമായി ഒരു ലൈബ്രറിയ്ക്ക് തുടക്കമിട്ട സഹോദരി യശോദയും വാർത്തയിൽ ഇടം നേടിയിട്ടുണ്ട്. അച്ഛനൊപ്പം അമ്മ ബ്രഹ്മജയും ഇരുവർക്കും പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
''ഇടക്കാലത്ത് വരയ്ക്കാറില്ലായിരുന്നു. ലോക്ക്ഡൗൺ കാലത്ത് ഇഷ്ടം പോലെ സമയം കിട്ടി. പിന്നെ, കൊവിഡ് പോരാട്ടത്തിന് രാജ്യത്തിന് പണം വേണ്ടതുണ്ടെന്ന് മനസ്സിലായി. അങ്ങനെയാണ് നാല്പതിലേറെ ചിത്രങ്ങൾ വരച്ചത്. വിറ്റുകിട്ടുന്നതെല്ലാം പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നൽകും.''
അച്യുതൻ ഷേണായ്