ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഞാറ്റുവേല ഫെസ്റ്റിന് നാളെ(ചൊവ്വ) തുടക്കമാകും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ഞാറ്റുവേല ഫെസ്റ്റ് നടത്തുന്നത്. രാവിലെ പത്തുമണിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ് ഉദ്ഘടനം ചെയ്യും.

വൈകീട്ട് അഞ്ചുവരെയാണ് സമയക്രമം. ആലുവ സർക്കാർ വിത്തുത്പാദന കേന്ദ്രം, വി.എഫ്.പി.സി.കെ, റെയ്ഡ്‌കോ, ചൂർണിക്കര, എടത്തല കർമ്മസേനകൾ തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വില്പനയും ഞാറ്റുവേല ചന്തയിൽ നടത്തും. മേൽത്തരം നടീൽ വസ്തുക്കൾ, ഫലവൃക്ഷതൈകൾ, ജൈവവളങ്ങൾ, ജൈവകീടനാശിനികൾ, കാർഷികോപകരണങ്ങൾ തുടങ്ങിയവ തിരുവാതിര ഞാറ്റുവേല സമയത്തു തന്നെ കർഷകരുടെ അരികിൽ എത്തിക്കുന്നതിനായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് കൃഷി ഓഫിസർ പറഞ്ഞു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദേശിക്കുന്ന മാർഗ നിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ സംഘടിപ്പിക്കുക.