മൂവാറ്റുപുഴ: വീട്ടുമുറ്റത്തെ കിണറിൽ വീണ ഗൃഹനാഥനെ അയൽവാസികളും ബന്ധുക്കളും ചേർന്ന് രക്ഷിച്ചു.മാറാടി പഞ്ചായത്തിൽ കായനാട് എരണ്ടോളിൽ വീട്ടിൽ സുരേന്ദ്രനെയാണ് (68)രക്ഷിച്ചത്.ശനിയാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ കിണറിലെ മോട്ടോർ എടുത്ത് മാറ്റാൻ ശ്രമിയ്ക്കുമ്പോൾ സുരേന്ദ്രൻ കിണറിൽ വീഴുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ അയൽവാസി തുണ്ടത്തിൽ സെൽവൻ വീട്ടിൽ നിന്ന് കോണി കൊണ്ടുവന്ന് കിണറിനകത്തേയ്ക്ക് കയറിൽ കെട്ടിയിറക്കി. 30 അടി ആഴമുള്ള കിണറ്റിൽ 15 അടി വെള്ളമുണ്ടായിരുന്നു. സുരേന്ദ്രന്റെ സഹോദരൻ സനൽകുമാർ ബന്ധുക്കളായ എരണ്ടോളിൽ അനിൽ ,ബിനു എന്നിവർ ചേർന്ന് കയറിൽ കെട്ടിയിറക്കിയ പലകയിൽ സുരേന്ദ്രനെ ഇരുത്തി.തുടർന്ന് സുരേന്ദ്രനെ സെൽവൻ ഉയർത്തി മറ്റുള്ളവർ വലിച്ചു കയറ്റി രക്ഷിച്ചു.സംഭവമറിഞ്ഞ് മൂവാറ്റുപുഴ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും സുരേന്ദ്രനെ കരയ്ക്ക് കയറ്റിയിരുന്നു. അവശനായ സുരേന്ദ്രന് പ്രാഥമിക ചികിത്സ ലഭ്യമാക്കി.രക്ഷാപ്രവർത്തനം നടത്തിയവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.