കൂത്താട്ടുകുളം: കടം പെരുകി പൂട്ടേണ്ടിവന്ന രാജീവ് ഗാന്ധി സഹകരണ ആശുപത്രി തുറന്ന് പ്രവർകത്തിക്കാനുള്ള സാദ്ധ്യത തെളിയുന്നു. ഇതിന്റെ ആദ്യ സൂചനയെന്നോണം ഭരണച്ചുമതല സഹകരണ അസി. രജിസ്ട്രാറിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഏറ്റെടുത്തു. കൊവിഡ് പശ്ചാത്തലത്തിൽ ആശുപത്രിയിൽ ക്വാറന്റൈൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ചെയർമാൻ ഈ മാസം 18ന് സഹകരണ അസി. രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു. തുടർന്നാണ് ഭരണച്ചുമതല കൈമാറ്റമുണ്ടായത്.

മുനിസിപ്പൽ ലൈസൻസില്ലെന്ന പരാതിയിന്മേൽ ഹൈക്കോടതി വിധിയേത്തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തിലാണ് ആശുപത്രി അടച്ചു പൂട്ടിയത്. കെട്ടിട നികുതിയുൾപ്പടെ ഉൾപ്പെടെ കുടിശികയുള്ള സാഹചര്യത്തിലാണ് നഗരസഭ ലൈസൻസ് നൽകാതിരുന്നത്. ആശുപത്രി പ്രവർത്തിക്കുന്നതിന് ആവശ്യമായ ലൈസൻസുകൾ നേടാൻ ഭരണ സമിതി ആവശ്യമാണെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു. ലൈസൻസുകൾ നേടി ഹൈക്കോടതി അനുമതിയോടെ ആശുപത്രി പ്രവർത്തനം തുടരാനും കമ്മിറ്റിക്കാവും. ആറ് കോടിയിലേറെ രൂപ ബാങ്ക് കടവും, ജീവനക്കാരുടെ ശമ്പളവും പി.എഫും ഉൾപ്പെടെയുള്ള കുടിശികയുമടക്കം വൻ ബാദ്ധ്യതയാണ് ആശുപത്രിക്കുള്ളത്.

നഗരസഭ ചെയർമാൻ റോയി എബ്രാഹം കൺവീനറായ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് ആറ് മാസത്തേക്ക് ഭരണച്ചുമതല. പി.കെ. രാമകൃഷ്ണൻ സണ്ണി, എബ്രാഹം വടക്കേൽ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങൾ.

സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ്, ലോക്കൽ സെക്രട്ടറി എം.ആർ.സുരേന്ദ്രനാഥ്, ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അധികാരമേറ്റു.

നഗരസഭ ലൈസൻസ് ഉടൻ അനുവദിച്ച് കോടതി അംഗീകാരം ലഭിക്കുന്ന മുറക്ക് ആശുപത്രി പ്രവർത്തനം ആരംഭിക്കും.

റോയി എബ്രാഹം

നഗരസഭ ചെയർമാൻ