കൊച്ചി: ആർക്കും ഉപകാരമില്ലാതെ എങ്ങും എത്താതെ ഒരു കാന. കടവന്ത്ര പൊലീസ് സ്റ്റേഷന് സമീപത്താണ് കെ.എം.ആർ.എൽ നിർമ്മിച്ച ഈ 'അപൂർവ്വ കലാസൃഷ്ടി'. മാർക്കറ്റ് ഭാഗത്തേക്കുള്ള കാനയുടെ നിർമ്മാണം പാതിവഴിയിൽ നിർത്തി തൊഴിലാളികൾ സ്ഥലംവിടുകയായിരുന്നു. കരാറുകാരനും പിന്നീട് ആ വഴിക്ക് ചെന്നിട്ടില്ല. ലോക്ക് ഡൗണിന് മുമ്പാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. സ്റ്റേഷന് തൊട്ടടുത്ത് ജി.സി.ഡി.എ യുടെ അധീനതയിലുള്ള സ്ഥലത്തുവച്ചാണ് കാനയുടെ പണി നിർത്തിയത്.

പേരണ്ടൂർ കനാലിലേക്ക് ഒഴുകുന്ന ചെറിയ തോടുമായി ബന്ധിപ്പിക്കാതെ പണി അവസാനിപ്പിച്ചതിൽ നാട്ടുകാർ ക്ഷുഭിതരാണ്. ശക്തമായി ഒരു മഴ പെയ്താൽ കാന നിറഞ്ഞ് വെള്ളം റോഡിലേക്ക് എത്തും. കാനയുടെ തൊട്ടടുത്തു കൂടി മാവേലിറോഡിൽ നിന്ന് പേരണ്ടൂർ തോട്ടിലേക്ക് കടന്നുപോകുന്ന മറ്റൊരു കാനയുണ്ട്. സ്ളാബ് ഒന്നുയർത്തിയാൽ ഈ കാനയിലേക്ക് വെള്ളം ഒഴുക്കിവിടാമായിരുന്നു. എന്നാൽ അങ്ങനെയൊരു ശ്രമവും കരാറുകാരന്റെ ഭാഗത്തു നിന്നുണ്ടായില്ല. കേന്ദ്രീയ വിദ്യാലയത്തിന് പിന്നിലുള്ള റോഡ് താറുമാറായി കിടക്കുകയാണ്. മഴ പെയ്താൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാകും. ഇതിന് പിന്നാലെ പുതിയ കനാലിലെ വെള്ളം കൂടി പൊങ്ങിയാൽ സ്ഥിതി ഗുരുതരമാകുന്നമെന്ന് സമീപവാസികൾ പറയുന്നു.

നടന്നത് അമൃത് പദ്ധതിയുടെ പണി

കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായ അമൃതിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷന്റെ മുന്നിലൂടെ പുതിയ കാന പണിതിരിക്കുന്നത്. ഇതിന് മീതെ സ്ളാബുകളും സ്ഥാപിച്ചു. കെ. എം.ആർ.എൽ ആണ് ഈ പ്രവൃത്തികൾ ചെയ്തത്. വെള്ളക്കെട്ടുണ്ടാക്കാൻ മാത്രമായി ലക്ഷങ്ങൾ ചെലവഴിച്ച് പുതിയ കാന നിർമ്മിക്കുന്നത് എന്തിനാണെന്നാണ് നാട്ടുകാരുടെ ചോദ്യം.

ഒന്നും അറിയില്ല

അമൃത് പദ്ധതിയുടെ ഭാഗമായി ഇങ്ങനെയൊരു കാന പണിയുന്ന കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഡിവിഷൻ കൗൺസിലറായ പൂർണ്ണിമ നാരായണൻ പറഞ്ഞു. മേയറാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച ഒരു കാര്യവും തനിക്ക് അറിയില്ലെന്ന് പറഞ്ഞ് കൗൺസിലർ ചുമതലയിൽ നിന്നൊഴിഞ്ഞു മാറി

പരിശോധിക്കാം

കാന നിർമ്മാണത്തെ കുറിച്ച് ഡിവിഷൻ കൗൺസിലറോ നാട്ടുകാരോ പരാതി പറഞ്ഞിട്ടില്ല. ഇക്കാര്യം അന്വേഷിക്കാം

പി.എം.ഹാരിസ്

പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ