ആലുവ: വിമാനത്താവളത്തിലേക്കും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേയ്ക്കും ജോലി ഒഴിവുണ്ടെന്നു പറഞ്ഞ് നിയമനത്തട്ടിപ്പു നടത്തുന്ന സംഘത്തെ കരുതിയിരിക്കണമെന്ന ജാഗ്രതാനിർദേശവുമായി റൂറൽ ജില്ലാ പൊലീസ്. ഇതു സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
ഫോൺവഴിയാണ് ഇവർ ഉദ്യോഗാർത്ഥികളെ ബന്ധപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും വിമാനത്താവളങ്ങളിലേക്ക് മെഡിക്കൽ എമർജൻസി എയർലൈൻസ് സ്റ്റാഫ് നഴ്‌സായി ജോലിക്ക് ആളെയാവശ്യമുണ്ടെന്നും ജോലിപരിചയം ആവശ്യമില്ലെന്നുമാണ് ഇവർ അറിയിക്കുന്നത്. 28,000 രൂപ മുതൽ 32,000 രൂപ വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്നുമാണ് വാഗ്ദാനം. സർട്ടിഫിക്കറ്റുകളുടെ കോപ്പി ഓൺലൈനിലൂടെ പരിശോധിച്ച് യോഗ്യതയുണ്ടെന്ന് അറിയിപ്പുകിട്ടിയാൽ മാത്രം രജിസ്‌ട്രേഷൻ ഫീസായി 2500 രൂപ അടച്ചാൽ മതിയെന്നും പറയും. അഭിമുഖത്തിൽ പരാജയപ്പെട്ടാൽ രജിസ്‌ട്രേഷൻ തുക തിരികെത്തരുമെന്ന വാഗ്ദാനവുമുണ്ട്.
ഇത്തരത്തിൽ നിരവധിപേർക്കാണ് പണംനഷ്ടപ്പെട്ടത്. മൊബൈൽഫോണും അക്കൗണ്ടും ഉപയോഗിച്ച് ഉത്തർപ്രദേശ് സ്വദേശികളാണ് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ആളുകളെ നിയമിക്കുന്നുണ്ടെന്നും രജിസ്‌ട്രേഷൻ ഫീസ് അടച്ചാൽ ജോലി ഉടനെ ലഭ്യമാകുമെന്നും പറഞ്ഞുള്ള തട്ടിപ്പും വ്യാപകമാണ്. ഇത്തരം സംഘങ്ങൾക്ക് ഓഫീസും മറ്റും ഇല്ല. ഇതുപോലുള്ള ഒൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.