കിഴക്കമ്പലം: പുതിയ കണക്ഷൻ നൽകുന്നതിനിടെ ഷോക്കേറ്റ താത്കലിക കരാർ ജീവനക്കാരന് കെ.എസ്.ഇ.ബി , ഫയർ ഫോഴ്സ് ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ പുനർജന്മം. നെടുമ്പാശേരി അടുവാശേരി അറയ്ക്കൽ തെക്കേ വീട്ടിൽ ഇന്ദുകുമാണ് (48) രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കോലഞ്ചേരി റോഡിൽ തീയറ്ററിലേക്ക് പോകുന്ന വഴിയിലാണ് സംഭവം. സ്വകാര്യ വ്യക്തിയ്ക്ക് ത്രീ ഫേസ് കണക്ഷൻ നൽകനാണ് പ്രധാന റോഡിന് സമീപത്തെ വൈദ്യത പോസ്റ്റിൽ ഇന്ദുകുമാർ കയറിയത്.
എച്ച്.ടി, എൽ.ടി ലൈനുകൾ ബന്ധിപ്പിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഷോക്കേറ്റ ആഘാത്തിൽ പോസ്റ്റിലെ തന്നെ എൽ.ടി ലൈനിലേയ്ക്ക് ഇന്ദുകുമാർ മറിഞ്ഞു വീണു. മുൻ കരുതലെടുത്തതിനാണ് താഴേയ്ക്ക് വീണില്ല.സമീപത്തുണ്ടായിരുന്ന കിഴക്കമ്പലം സെക്ഷനിലെ കെ.എസ്.ഇ.ബി ഓവർസിയർ കെ.എം ഇബ്രാഹിം പോസ്റ്റിൽ കയറി ലൈനിലേയ്ക്ക് വീണയാളെ പത്ത് മിനിറ്റോളം താങ്ങി നിർത്തി. തുടർന്ന് പട്ടിമറ്റം ഫയർ ഫോഴ്സെത്തി വല ഉപയോഗിച്ച് താഴെയിറക്കി . കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇന്ദുകുമാർ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
എച്ച്.ടി, എൽ.ടി ലൈനുകൾ ഓഫാക്കിയ ശേഷമാണ് പണികൾ നടന്നതെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു. അപ്രതീക്ഷിതമായി ജനറേറ്ററുകൾ പ്രവർത്തിച്ചതാകാം അപകട കാരണമെന്നാണ് നിഗമനം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ആർ ലാൽജി,സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എം.സി ബേബി, ജോബി മാത്യു ,റെസ്‌ക്യൂ ഓഫീസർമാരായ കെ.എ ഉബാസ്,എ.പി സിജാസ് ,എസ്.ഉണ്ണികൃഷ്ണൻ , എസ്.ഷൈജു,എസ്.അഖിൽ,ഹോം ഗാർഡ് കെ വി ജോണി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.