കിഴക്കമ്പലം: മൂന്നു ദിവസം തുടർച്ചയായ ജോലിയ്ക്ക് ശേഷം ഇന്നലെ അവധിയെടുത്താണ് കുമ്മനോട് കുമ്മാട്ടു പുത്തൻ പുരയിൽ കെ.എം ഇബ്രാഹിം പട്ടിമറ്റത്തേക്ക് പോയത്. റോഡിൽ ആൾക്കൂട്ടം കണ്ട് നോക്കുമ്പോഴാണ് 11 കെ.വി വൈദ്യുത ലൈൻ കടന്നു പോകുന്ന പോസ്റ്റിൽ ഒരാൾ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. ചാടിയിറങ്ങി രക്ഷാ പ്രവർത്തനത്തിന് മുതിർന്നെങ്കിലും കൂടി നിന്നവർ നിരുത്സാഹപ്പെടുത്തി. ഷോക്കേറ്റയുടൻ ലൈൻ ഡ്രിപ്പായിയെന്ന് നാട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ് പോസ്റ്റിലേയ്ക്ക് കയറിയത്. പിന്നീട് ഫയർ ഫോഴ്സ് എത്തും വരെ ഇന്ദുകുമാറിനെ ഉയർത്തി പിടിച്ചു നിന്നു. ഷോക്കേല്ക്കുന്ന സമയത്ത് സെക്ഷനിലെ ജീവനക്കാർ സംഭവ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും അപകടം നടന്നതോടെ നാട്ടുകാരിൽ ചിലർ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതോടെ രക്ഷാ പ്രവർത്തനം വൈകി. യൂണി ഫോമിലല്ലായിരുന്നതിനാൽ ഇബ്രാഹിമിനെ ആരും തിരിച്ചറിഞ്ഞില്ല. ഫയർ ഫോഴ്സെത്തി ഇന്ദുകുമാറിനെ താഴെ ഇറക്കിയ ശേഷമാണ് ഇബ്രാഹിം സ്ഥലത്ത് നിന്നും മടങ്ങിയത്.