sprinklr-

കൊച്ചി : കൊവിഡ് രോഗികളുടെ ഡേറ്റ അനാലിസിസിനുള്ള സോഫ്ട്‌വെയർ ലഭ്യമാക്കുന്നതിന് സ്‌പ്രിൻക്ളർ കമ്പനിയുമായി ഇപ്പോഴും കരാർ നിലവിലുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും നിർണായക വിവരങ്ങൾ വിദേശ കമ്പനിയായ സ്പ്രിൻക്ളറിന് കൈമാറുന്ന തരത്തിൽ സർക്കാരുണ്ടാക്കിയ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം നൽകിയ ഹർജികളിലെ വാദത്തിനിടെയാണിത്. കൊവിഡ് രോഗ ബാധിതരിൽ നിന്നു ശേഖരിച്ച വിവരങ്ങളും ഇതിന്റെ വിശകലന വിവരങ്ങളും സർക്കാരിന്റെ പക്കൽ സുരക്ഷിതമാണ്. ഇതാർക്കും കൈമാറുന്നില്ലെന്നും സർക്കാർ വിശദീകരിച്ചു.

ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ, സ്‌പ്രിൻക്ളറുമായുള്ള കരാർ പിൻവലിച്ചതല്ലേയെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചോദിച്ചു. തുടർന്നാണ് ശേഖരിച്ച വിവരങ്ങൾ സി -ഡിറ്റിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്ന് സർക്കാർ പറഞ്ഞത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേസ് വേഗം തീർപ്പാക്കണമെന്ന് സർക്കാരിനു വേണ്ടി മുംബയിൽ നിന്നു നേരിട്ട് ഹാജരായ സൈബർ നിയമ വിദ്ഗ്ദ്ധ എസ്. നാപ്പിനൈ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് വളരെക്കുറച്ച് കേസുകൾ മാത്രമാണ് പരിഗണിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ വിശദീകരണത്തിനു മറുപടി നൽകാൻ കൂടുതൽ സമയം ചെന്നിത്തലയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. തുടർന്ന്, ഹർജികൾ ഒരു മാസം കഴിഞ്ഞു പരിഗണിക്കാൻ മാറ്റി..