മൂവാറ്റുപുഴ: അത്യാധുനിക രീതിയിൽ നിർമ്മിക്കുന്ന പോത്താനിക്കോട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. മണ്ഡലത്തിലെ നാലാമത്തെ സ്മാർട്ട് വില്ലേജാണ് പോത്താനിക്കോട് നിർമ്മിക്കുന്നത്. മുളവൂർ, വെള്ളൂർകുന്നം വില്ലേജ് ഓഫീസുകൾ നിർമ്മാണം പൂർത്തിയാക്കി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. മാറാടി വില്ലേജ് ഓഫീസാണ് മറ്റൊന്ന്. സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണത്തിനായി റവന്യു വകുപ്പിൽ നിന്നും 44ലക്ഷം രൂപയാണ് നീക്കവച്ചിട്ടുള്ളത്. നിലവിൽ കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് പോത്താനിക്കാട് വില്ലേജ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഈ കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യം ജനങ്ങൾക്ക് ലഭ്യമാകും.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ടിഎബ്രഹാം,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജറീഷ് തോമസ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം വിൻസൻ ഇല്ലിക്കൽ, കോതമംഗലം തഹസിൽദാർ റേച്ചൽ തോമസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലീലാമ്മ ജോസഫ്, ആൻസി മാനുവൽ, ടി.എ കൃഷ്ണൻകുട്ടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അടിമുടി മാറും
പ്രത്യേക ഫ്രണ്ട് ഓഫീസ്
വിശ്രമ മുറി
വിലയ ഓഫീസ്
നവീന ടോയ്‌ലറ്റ്
ഡോക്യുമെന്റ് റൂം
പൂന്തോട്ടം
ടോക്കൺ സംവിധാനം
ഇലക്ട്രോണിക് ബോർഡ്