പറവൂർ : ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിമുക്തഭടൻ മരിച്ചു. മാള പൊയ്യ പൂപ്പത്തി ചെന്തുരുത്തി വീട്ടിൽ തങ്കപ്പന്റെ മകൻ സി.ടി. പ്രദീപ് (52) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശാന്തിക്കാരൻ എളങ്കുന്നപ്പുഴ മേപ്പറമ്പിൽ ശ്രുതിൻ രുദ്രനെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദീപ് ആറുമാസമായി പുതുവൈപ്പ് എൽ.എം.ജി ടെർമിനനിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. രാവിലെ ജോലി സ്ഥലത്തേയ്ക്ക് പോകുപ്പോൾ ചെറായിപ്പാടത്തിന് സമീപം ആറുമണിയോടെയാണ് അപകടം. പ്രദീപ് ഓടിച്ചിരുന്ന എൻഫീൽഡ് ബൈക്ക് എതിരെ വന്ന ശ്രുതിന്റെ ബൈക്കുമായി നേർക്കുനേർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ശ്രുതിന്റെ ടൂവിലറിന്റെ മുൻ ഭാഗം പൂർണമായി തകർന്നു. ഇയാൾക്ക് തലക്ക് മുറിവും കൈകൾക്ക് ഒടിവുമുണ്ട്. തലക്ക് പരിക്കേറ്റ പ്രദീപിന ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ : ബീന, മക്കൾ: അഭിമന്യൂ, കൃഷ്ണ.