തോപ്പുംപടി: കൊച്ചിയെ കൊവിഡ് വ്യാപനത്തിൽ നിന്നും രക്ഷിച്ച ഫോർട്ടുകൊച്ചി എസ്.ഐ. ജിൻസൻ ഡോമനിക്ക് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ താരമാണ്. 22ന് മുംബയിൽ നിന്നും കൊച്ചിയിലെത്തിയ ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ച റോഡിൽ ബഹളം വച്ച ഫോർട്ടുകൊച്ചി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്വയം ക്വാറന്റൈനിൽ പോയതാണ് എസ്.ഐയ്ക്ക് ഹീറോ പരിവേഷം ചാർത്തിക്കൊടുത്തത്. സാമൂഹ്യമാദ്ധ്യമങ്ങളിൽ കൊച്ചിക്കാരുടെ ആദരം ലൈക്കായും ഷെയറായും പ്രവഹിക്കുകയാണ്.

മുംബയിൽ നിന്ന് എത്തിയ യുവാവ് ആദ്യം കാനറാ ബാങ്കിൽ എത്തി പണം പിൻവലിച്ചു. പിന്നീട് ചെറളായി ബാർബർ ഷോപ്പ്, മട്ടാഞ്ചേരി ജെട്ടി കംഫർട്ട് സ്റ്റേഷനിൽ എത്തി. അവിടെ നിന്ന് തോപ്പുംപടി മദ്യശാലയിൽ എത്തി മദ്യം വാങ്ങി സുഹൃത്തുക്കൾക്കൊപ്പം കഴിച്ചു. പിന്നീടാണ് ഇയാൾ റോഡിലിറങ്ങി ബഹളം വച്ചത്. നാട്ടുകാരുടെ പരാതിയിൽ എസ്.ഐ ഒറ്റക്ക് ജീപ്പിൽ എത്തി ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഇടക്കൊച്ചി ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. പിന്നീട് എസ്.ഐയും സ്വമേധയാ ഹോം ക്വാറന്റൈനിൽ പോയത്.