franko-mulaykkal

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ ഹർജി ഹൈക്കോടതി വിധിപറയാൻ മാറ്റി. കേസിൽ ജൂലായ് ഒന്നിന് കോട്ടയം ജില്ലാ അഡിഷണൽ സെഷൻസ് കോടതി വിചാരണ തുടങ്ങാനിരിക്കെയാണ് ബിഷപ്പ് ഹൈക്കോടതിയിൽ വിടുതൽഹർജി നൽകിയത്. തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും കുറ്റംതെളിയിക്കാൻ പര്യാപ്തമായ വസ്തുതകളില്ലെന്നും വ്യക്തമാക്കിയാണ് ബിഷപ്പ് ഹർജി നൽകിയത്. നേരത്തെ ഇതേയാവശ്യം ഉന്നയിച്ച് ബിഷപ്പ് വിചാരണക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.

2014 മുതൽ 2016 വരെയുള്ള കാലയളവിൽ കുറവിലങ്ങാട് മഠത്തിൽവച്ച് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയെത്തുടർന്ന് 2018 സെപ്തംബർ 21ന് ബിഷപ്പിനെ പൊലീസ് അറസ്റ്റുചെയ്തു. മിഷിണറീസ് ഒഫ് ജീസസ് എന്ന സന്യാസിനി സഭയിൽ ഉന്നതപദവി വഹിച്ചിരുന്ന പരാതിക്കാരിയെ അച്ചടക്കനടപടിയുടെ ഭാഗമായി പദവിയിൽനിന്ന് നീക്കിയിരുന്നെന്നും ഇതിലുള്ള പകനിമിത്തം കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ബിഷപ്പിന്റെ വാദം. എന്നാൽ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ പീഡനക്കുറ്റം നിലനിൽക്കുന്നുണ്ടെന്നും വിചാരണ വൈകിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.