കൊച്ചി : മരടിൽ തീരദേശ പരിപാലനനിയമം ലംഘിച്ചു ഫ്ളാറ്റുകൾ നിർമ്മിച്ച കേസിൽ പ്രതിയായ ജെയിൻ ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻസ് ലിമിറ്റഡ് എം.ഡി സന്ദീപ് മേത്തയ്‌ക്ക് ഹൈക്കോടതി മുൻകൂർജാമ്യം അനുവദിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെത്തുടർന്ന് മരടിലെ ജെയിൻ കോറൽകോവ് എന്ന ഫ്ളാറ്റ് കഴിഞ്ഞ ജനുവരിയിൽ പൊളിച്ചുകളഞ്ഞിരുന്നു. തുടർന്ന് രജിസ്റ്റർചെയ്ത കേസിൽ മുൻകൂർ ജാമ്യംതേടി സന്ദീപ്മേത്ത നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. കേസിലെ മറ്റു പ്രതികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും പെർമിറ്റടക്കമുള്ള രേഖകൾ പിടിച്ചെടുക്കുകയുംചെയ്ത സാഹചര്യത്തിൽ ഹർജിക്കാരനെ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതില്ലെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജിക്കാരൻ ഒരുമാസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. അറസ്റ്റുചെയ്താൽ ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾജാമ്യവും വ്യവസ്ഥചെയ്ത് ജാമ്യം അനുവദിക്കണം. അനുമതിയില്ലാതെ വിദേശയാത്ര പാടില്ലെന്നും പാസ്പോർട്ട് ഹാജരാക്കണമെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്.
മരടിൽ ഫ്ളാറ്റ് നിർമ്മിക്കുമ്പോൾ തീരദേശസംരക്ഷണ നിയമം ബാധകമായിരുന്നില്ലെന്നും പിന്നീട് നിയമം പുതുക്കിയപ്പോൾ ഇതിന്റെ പരിധിയിൽ വന്നതാണെന്നുമാണ് ഹർജിക്കാരൻ വാദിച്ചത്. എന്നാൽ നിയമലംഘനമാണെന്നറിഞ്ഞു കൊണ്ടു ഫ്ളാറ്റ് നിർമ്മിച്ചു തട്ടിപ്പു നടത്തിയതാണെന്ന് ക്രൈംബ്രാഞ്ച് വാദിച്ചു. കൊച്ചിയിലെ മേൽവിലാസം മറച്ചുവച്ച് ഇയാൾ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർജാമ്യം നേടിയിരുന്നെന്നും ഇതു ബോദ്ധ്യമായതോടെ മുൻകൂർജാമ്യ ഉത്തരവ് കോടതി പിൻവലിച്ചിരുന്നെന്നും സർക്കാർ വിശദീകരിച്ചു. വിശ്വാസവഞ്ചനയടക്കമുള്ള കുറ്റങ്ങൾ നിലവിലുണ്ട്. ചില രേഖകൾ ഇനിയും ലഭിക്കാനുണ്ട്. സന്ദീപ് മേത്തയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സർക്കാർ വാദിച്ചു.
എന്നാൽ ഒാരോ കേസിലും അതിന്റെ വസ്തുതകൾ പരിശോധിച്ചാണ് ജാമ്യഹർജികളിൽ തീർപ്പാക്കുന്നതെന്നും കൊച്ചിയിലെ മേൽവിലാസം മറച്ചുവെച്ച് മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെന്ന പേരിൽ കേരള ഹൈക്കോടതിയിലെ ജാമ്യാപേക്ഷ നിരസിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന് ഹർജിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. രേഖകൾ കണ്ടെത്താൻ അറസ്റ്റ് മാത്രമാണ് പോംവഴിയെന്ന് കരുതുന്നില്ല. കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പ്രകാരം അറസ്റ്റ് അനിവാര്യമല്ല . അറസ്റ്റ് മൂലമുണ്ടാകുന്ന അപമാനം, അപകീർത്തി തുടങ്ങിയവ സഹിക്കേണ്ട വ്യക്തിയാണ് ഹർജിക്കാരനെന്നു കരുതുന്നില്ളെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.