തൃക്കാക്കര : കട്ടിൽ വിതരണത്തിലെ അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന് തൃക്കാക്കര നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.എം നാസർ. പത്രപരസ്യം നൽകിയാണ് നഗരസഭ ടെണ്ടർ ക്ഷണിച്ചത്. സിഡ്കോ ഉൾപ്പെടെ മൂന്ന് സ്ഥാപനങ്ങൾ ടെണ്ടറിൽ പങ്കെടുത്തു. എല്ലാവരും ഉയർന്ന തുക ക്വാട്ട് ചെയ്തതിനാൽ പർച്ചേസിംഗ് കമ്മിറ്റി നേരിട്ടു നടത്തിയ നെഗോസേഷ്യനിൽ കുറഞ്ഞ തുകക്ക് കട്ടിൽ സപ്ലൈ ചെയ്യാമെന്ന് സിഡ്കോ സമ്മതിച്ചു. സിഡ്കോയുമായി പർച്ചേസിംഗ് കമ്മിറ്റി നടത്തിയ മീറ്റിംഗിൽ കോൺഗ്രസ് പ്രതിനിധിയും മുൻ കൗൺസിലറുമായ രാധാമണി ഒരു എതിർപ്പും രേഖപ്പെടുത്തിയില്ല.സിഡ്കോക്ക് നഗരസഭ നൽകുന്ന 3925രൂപയിൽ നിന്ന് 18 ശതമാനം ജി.എസ്.ടി യും ഒരുശതമാനം പ്രളയ ഫണ്ടും സർക്കാർ പിടിക്കും എന്നറിയാവുന്ന മുൻ നഗരസഭ ചെയർമാൻ എന്തടിസ്ഥാനത്തിലാണ് 4350 രൂപക്ക് കട്ടിൽ വാങ്ങി എന്ന് ആക്ഷേപിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ പ്രദേശത്ത് വയോധികർക്ക് നൽകാൻ 560 കട്ടിലാണ് വാങ്ങിയത്. നിലവാരം കുറഞ്ഞതും പാഴ് മരം ചേർത്തുമാണ് കട്ടിൽ നിർമിച്ചതെന്നും കട്ടിലിന്റെ ഫ്രെയിം കനം കുറഞ്ഞതും വെള്ളം വീണാൽ നശിച്ചുപോകുന്ന തരത്തിലുള്ള ഫ്ലൈവുഡുമാണെന്നായിരുന്നു ആരോപണം.