കോലഞ്ചേരി:അന്നം കൊടുക്കുന്നവരുടെ അന്നം മുടങ്ങുന്നു, കൊവിഡ് പ്രതിരോധം തുടരുമ്പോൾ പിടിച്ചു നില്ക്കാനാകാതെ ഹോട്ടലുകാർ അടച്ചു പൂട്ടലിന്റെ വക്കിലേക്കെത്തി.ഇരുന്നു കഴിക്കാൻ അനുമതി ലഭിച്ചെങ്കിലും കാര്യമായി ആളെത്തുന്നില്ല. തുറന്ന ചില ഹോട്ടലുകൾ ആളില്ലാത്തതുമൂലം ഒരാഴ്ചയ്ക്കകം പൂട്ടി. ലോക്ക് ഡൗണിൽ പൂട്ടിയ ചിലർ തുറന്നിട്ടുമില്ല.

സുരക്ഷാ നിർദേശങ്ങളെല്ലാം കർശനമായി പാലിച്ചാണ് ആഹാരം പാകം ചെയ്യുന്നതും വിളമ്പുന്നതും വിതരണം ചെയ്യുന്നതും. എന്നിട്ടും വരുന്നവരുടെ എണ്ണം കുറഞ്ഞു. കൊവിഡിനു മുമ്പുണ്ടായിരുന്ന കച്ചവടത്തിന്റെ നാലിലൊന്നു മാത്രമാണ് ഇപ്പോഴുള്ളത്. വൈറസിന്റെ സമൂഹ വ്യാപന സാദ്ധ്യത ഉയർന്നതോടെ പാഴ്‌സൽ വാങ്ങാനെത്തുന്നവരും കുറഞ്ഞു.വീടുകളിൽ തയാറാക്കിയ ഭക്ഷണം കഴിക്കുന്ന ശീലവും മ​റ്റൊരു കാരണമാണെന്നു കരുതുന്നതായി പുത്തൻകുരിശിലെ ബോംബെ ഹോട്ടലുടമ ഏലിയാസ് പറഞ്ഞു. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരടക്കം വീട്ടിൽ നിന്നും ഭക്ഷണം കരുതി വച്ച് വഴിയരികിൽ ഇരുന്ന് കഴിക്കുന്ന ശീലം വ്യാപകമായി. ജില്ലയിൽ ഹോട്ടൽ പണി ചെയ്തിരുന്ന ആയിരത്തിലേറെ ഇതര സംസ്ഥാനക്കാർ തങ്ങളുടെ നാടുകളിലേക്കു മടങ്ങിയതിനാൽ തൊഴിലാളികളില്ലാത്ത അവസ്ഥയും രൂക്ഷമാണ്.

ടേക്ക് എവേ രീതിയിൽ ആദ്യം പാഴ്‌സലുകൾ പോയിരുന്നുവെങ്കിലും പിന്നീട് ഇടിവുണ്ടായി. സാമൂഹിക അകലം പാലിച്ച് പകുതി സീ​റ്റുകൾ മാത്രമാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരു ടേബിളിൽ രണ്ടു പേർ മാത്രം. കുടിക്കാൻ കുപ്പിവെള്ളം . ജീവനക്കാർക്കു മാസ്‌കും ഗ്ലൗസും സാനി​റ്റൈസറുമുണ്ട്. എന്നിട്ടും കഴിക്കാനാളില്ല.

വരുമാനം ഇടിഞ്ഞു. ജീവനക്കാർക്കു കൂലി മുടങ്ങി. ഇന്ധനം, വൈദ്യുതി ചാർജുകളും സാധന സാമഗ്രികളുടെ വിലയും കുതിച്ച് കയറി 13 വർഷമായി പട്ടിമറ്റത്ത് ഹോട്ടൽ ബിസിനസിലുള്ള റോയൽ ഹോട്ടലിലെ ബഷീർ പറയുന്നു. ഹോട്ടൽ ഭക്ഷണത്തിനുള്ള ജി.എസ്.ടി പൂർണ്ണമായും ഒഴിവാക്കുകയോ അല്ലെങ്കിൽ ഒരു വർഷത്തേക്കു മൊറട്ടോറിയം പ്രഖ്യാപിക്കുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.

ചെറുകിട യൂണി​റ്റുകൾക്കു പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ഭക്ഷ്യോൽപാദന മേഖലയ്ക്കും ബാധകമാക്കണം.

ഹോട്ടൽ ബിസിനസ് നടത്തുന്നവർക്കു രണ്ട് ലക്ഷം രൂപയുടെ പലിശ രഹിത വായ്പകൾ ബാങ്കുകൾ അനുവദിക്കുക

എല്ലാ വിധ ലൈസൻസുകളുടെയും വാടകയുടെയും കാലാവധി 6 മാസത്തേക്കു കൂടി നീട്ടുക

ക്ഷേമ നിധിയിൽ അംഗങ്ങളായവർക്ക് അടിയന്തര ധനസഹായം അനുവദിക്കുക

വൈദ്യുതി നിരക്ക് എൽ.ടി 7 എ താരിഫിൽ നിന്നു ഗാർഹിക താരിഫാക്കി മാ​റ്റുക .

വഴിയരികിലെ അനധികൃത ആഹാര വില്പന നിയന്ത്രിക്കണം. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ച് കച്ചവടം നടത്തുന്ന ഹോട്ടൽ മേഖലയെ തകർക്കുന്ന നീക്കമാണിത്തരം വില്പന.

ജി.ജയപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എച്ച്.ആർ.എ