ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആലങ്ങാട് കൊടുവഴങ്ങ മണ്ണായത്ത് വീട്ടിൽ അർജുനാണ് (21) പിടിയിലായത്. ഒളിവിൽപോയ പ്രതിയെ മറയൂരിൽ നിന്നാണ് അറസ്റ്റുചെയ്തത്. സ്കൂൾ വിദ്യാർത്ഥിനിയെ കഴിഞ്ഞ 18 മുതൽ കാണാതാവുകയായിരുന്നു. രക്ഷിതാക്കൾ ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്റീരിയൽ ഡിസൈനിംഗ് തൊഴിലാളിയാണ്. ആലുവ ഡിവൈ എസ്.പി ജി. വേണുവിന്റെ നിർദേശപ്രകാരം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എൻ. സുരേഷ്‌കുമാർ, എസ്.ഐ. അബ്ദുൾ അസീസ്, എ.എസ്.ഐ വി.ജി. രാജേഷ്, എസ്. സി.പി.ഒമാരായ സാബു, ഷൈജാ ജോർജ്, സി.പി.ഒ ജെറീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.