കളമശേരി:സി.പി.എം കളമശേരി ഏരിയ സെക്രട്ടറിയായി എം.ഇ ഹസൈനാറെ തെരഞ്ഞെടുത്തു. വി.എ സക്കീർ ഹുസൈനെ പുറത്താക്കിയ ഒഴിവിലേക്കാണ് പുതിയ നിയമനം.

കളമശേരി ഏരിയ കമ്മിറ്റിയിലെ മുതിർന്ന അംഗമാണ് ഹസൈനാർ. ദീർഘകാലം തൃക്കാക്കര പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു. ജില്ലയിലെ മികച്ച സഹകാരി കൂടിയായ ഹസൈനാർ അയ്യനാട് സർവീസ് സഹകരണ ബാങ്ക്, കണയന്നൂർ കാർഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡണ്ട്, കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

തൃക്കാക്കര സഹകരണ ആശുപത്രി സ്ഥാപിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. സഹകരണ രംഗത്തെ ദേശീയ അവാർഡായ സഹകാരിത വിഭൂഷൺ അവാർഡ് കേരളത്തിൽ ലഭിച്ച ഏകവ്യക്തി ഇദ്ദേഹമാണ്.ഞ്ഞ

കളമശേരി ബി.ടി.ആർ മന്ദിരത്തിൽ നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ കെ.എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.ചന്ദ്രൻ പിള്ള, സി.എം ദിനേശ് മണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.എൻ ഗോപിനാഥ്, സി. കെ പരീത് തുടങ്ങിയവർ പങ്കെടുത്തു