കൊച്ചി: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മാനദണ്ഡങ്ങൾ പാലിക്കാതെ പെട്രോളിയം കമ്പനികൾ അനിയന്ത്രിതമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പമ്പുകളുടെ പ്രവർത്തനം നിറുത്തിവയ്ക്കണമെന്നതുൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സും കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സും സംയുക്തമായി ഇന്ന് ഉപവാസം അനുഷ്ഠിക്കും. രാവിലെ 10.30 മുതൽ ഐ.ഒ.സി, എച്ച്.പി.സി, ബി.പി.സി ടെർമിനലുകളുടെ മുമ്പിലാണ് ഉപവാസം. ഇരു സംഘടനകളുടെയും ജില്ല സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. സമരത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ പെട്രോളിയം വ്യാപാരികളും ഇന്ന് ഇന്ധനം വാങ്ങാതെ പ്രതിഷേധം അറിയിക്കും. പമ്പ് ഉടമകൾക്കും ജീവനക്കാർക്കുമെതിരെ അടിക്കടിയുണ്ടാകുന്ന സാമൂഹ്യവിരുദ്ധ ആക്രമണത്തിനെതിരെ ശക്തമായ നിയമനിർമാണം നടത്തുക, അപൂർവചന്ദ്ര കമ്മീഷൻ പ്രകാരം ഡീലർമാർക്കുള്ള കമ്മീഷൻ വർദ്ധനവ് നടപ്പിലാക്കുക, പെട്രോൾ പമ്പുകൾക്ക് അടുത്തിടെ അടിച്ചേൽപ്പിച്ച ലൈസൻസുകൾ പിൻവലിക്കുക തുടങ്ങിയവാണ് മറ്റ് ആവശ്യങ്ങൾ.