കൊച്ചി: ആപ്പിളിനും ഓറഞ്ചിനുമൊക്കെ കിട്ടുന്ന പരിഗണന മാർക്കറ്റിൽ കിട്ടാറില്ലെങ്കിലും ഇവയേക്കാളേറെ ഔഷധഗുണമുള്ളതാണ് നെല്ലിക്ക. ഓറഞ്ചിനേക്കാൾ 20 ഇരട്ടി ജീവകം-സിയും (വിറ്റാമിൻ) ആപ്പിളിനേക്കാൾ മൂന്നിരട്ടി പ്രോട്ടീനും 150 ഇരട്ടി അസ്‌കോർബിക് ആസിഡും നെല്ലിക്കയിലുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാനും കേശസംരക്ഷണത്തിനും ഉത്തമമാണ് നെല്ലിക്ക.
ജ്യൂസായും അച്ചാറിട്ടും ഉണക്കിപ്പൊടിച്ചും ചമ്മന്തിയരച്ചുമൊക്കെ നെല്ലിക്ക കഴിക്കാറുണ്ട്. ഉപ്പും മുളകുമൊക്കെ കൂട്ടി വെറുതേയും കഴിക്കാം. കാർഷികരംഗത്തും നെല്ലിക്കയ്ക്ക് സാദ്ധ്യതകൾ ഏറെയാണെന്ന് സംസ്ഥാന ഔഷധസസ്യ ബോർഡ് വിലയിരുത്തിയിട്ടുണ്ട്. താത്പര്യമുള്ള കർഷകർക്ക് സബ്‌സിഡി ഉൾപ്പെടെ നൽകി കൃഷി പ്രോത്സാഹിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോർഡ്.
നെല്ലിക്കൃഷി
വരണ്ട കാലാവസ്ഥയും നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ പ്രദേശമാണ് നെല്ലിക്കാ കൃഷിക്ക് അനുയോജ്യം. ഉത്പാദനച്ചെലവ് നന്നേ കുറവാണ്. ദീർഘകാലം ആദായവും കിട്ടും. നിലവിൽ പാലക്കാട് അട്ടപ്പാടി മേഖലയിലാണ് നെല്ലിക്ക വ്യാപകമായി കൃഷി ചെയ്യുന്നത്.
സാമ്പത്തിക വിശകലനം
ഒരു ഏക്കറിൽ കൃഷി ചെയ്യാവുന്നത് 250 മരം
കൃഷിച്ചെലവ് പരമാവധി (ആദ്യവർഷം) ₹35,000
പരമാവധി സബ്സിഡി ഏക്കറിന് ₹11,419
നാലാം വർഷം മുതൽ പ്രതീക്ഷാവുന്ന ആദായം ₹1.5 ലക്ഷം
₹50
വിപണിയിൽ നെല്ലിക്കയ്ക്ക് കിലോ വില ശരാശരി 50 രൂപയാണ്. കർഷകന് കിട്ടുന്ന വില 30 രൂപവരെ.
നേടാം സബ്‌സിഡി
സംസ്ഥാനത്ത് ഔഷധകൃഷി വ്യാപിപ്പിക്കുന്നതിന് 30 മുതൽ 75 ശതമാനം വരെ സബ്സിഡി ലഭിക്കുന്ന വിവിധ പദ്ധതികളിലേക്ക് ഔഷധസസ്യ ബോർഡ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ള കർഷകർ ജൂലായ് 15നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.smpbkerala.org ഫോൺ: 0487 - 2323151