school-file
ബ്രേക്ക് ദി ചെയിൻ ഡയറിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർ അനിൽ കുമാറിന് നൽകി നിർവഹിക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് നിർണായക പങ്ക് വഹിക്കുന്ന 'ബ്രേക്ക് ദി ചെയിൻ ഡയറി' തയ്യാറാക്കി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ. സ്കൂളിന് പരിസരത്തെ ഓട്ടോ-ടാക്സി ഡ്രൈവർമാർക്കാണ് ആദ്യഘട്ടത്തിൽ ഡയറി നൽകുന്നത്.

കടകളിൽ വരുന്നതോ, വാഹനത്തിൽ കയറുന്നതോ ആയ ആളുകളുടെ വിശദാംശങ്ങൾ എഴുതി സൂക്ഷിക്കുവാൻ പൊതു ഇടങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് വിദ്യാർത്ഥി വളണ്ടിയർമാരും അദ്ധ്യാപകരും ഈ പ്രവർത്തനത്തിലൂടെ ശ്രമിക്കുന്നത്. വാഹനത്തിന്റെ ഡ്രൈവറോ, കടകളിലെ ഉടമയോ ,ഒരു തൊഴിലാളിയോ ആയിരിയ്ക്കണം ഈ ഡയറി എഴുതേണ്ടത്. പൊതുജനങ്ങളാകരുത് ഡയറി എഴുതുന്നത്. തീയതി, സമയം, പേര്, മേൽവിലാസം തുടങ്ങിയ പ്രധാനപ്പെട്ടവയാണ് രേഖപ്പെടുത്തുന്നത്. ഇത്തരത്തിൽ രേഖകൾ സൂഷിച്ചാൽ ഭാവിയിൽ നിർഭാഗ്യവശാൽ വന്നേക്കാവുന്ന സാഹചര്യങ്ങൾക്ക് ഉപകാരപ്പെടും. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള വിതരണത്തിനു ആരോഗ്യ വകുപ്പിന്റേയും പൊലീസിന്റേയും സഹകരണവുമുണ്ട്. കൊവിഡ് രോഗവ്യാപനം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു ഡയറി എഴുതി സൂക്ഷിക്കുന്നതിലൂടെ മഹത്തായ സാമൂഹിക സുരക്ഷാ ജാഗ്രത പ്രവർത്തനത്തിൽ പൊതുജനങ്ങൾക്കും ഓട്ടോ ടാക്സി ഡ്രൈവർ മാർക്കും ഒപ്പം വിദ്യാർത്ഥികൾക്കും പങ്കാളിയാകാൻ കഴിയുന്നുവെന്ന് നാഷണൽ സർവ്വീസ് സ്കീം എറണാകുളം ജില്ലാ കോർഡിനേറ്റർ ഡോ. വിപുൽ മുരളി പറഞ്ഞു. മുവാറ്റുപുഴ പോലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാറിന് ആദ്യപ്രതി നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ റോണി മാത്യു, ഹെഡ്മിസ്ട്രസ് സഫിയ സി.പി, പി.ടി.എ പ്രസിഡന്റ് പി.ടി.അനിൽകുമാർ, മദർ പി.ടി.എ ചെയർപേഴ്സൺ സിനിജ സനൽ, സ്കൂൾ വികസന സമിതി ചെയർമാൻ ടി.വി.അവിരാച്ചൻ തുടങ്ങിയവർ പങ്കെടുത്തു.