തൃപ്പൂണിത്തുറ: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം. പരീക്ഷയെഴുതിയ 509 പേരും വിജയചരിത്രമെഴുതി.
87 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ്. 25 പേർക്കുവീതം 8, 9 വിഷയങ്ങൾക്ക് വീതവും എ പ്ലസ് ലഭിച്ചു. 438 കുട്ടികൾക്ക് ഏതെങ്കിലും ഒരു വിഷയത്തിന് എ.പ്ലസ് ലഭിച്ചു എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷവും സ്കൂൾ നൂറുശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.
പാഠ്യേതര വിഷയങ്ങളിലും ഏറെ മികവു പുലർത്തുന്ന ഈ വിദ്യാലയത്തിന് സംസ്ഥാനത്തെ മികച്ച പൊതു വിദ്യാലയത്തിനുള്ള അവാർഡും, മികച്ച പി.ടി.എയ്ക്കുള്ളള അവാർഡും ലഭിച്ചിട്ടുണ്ട്. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ
മാനേജ്മെൻ്റും പി.ടി.എ യും, പൂർവ്വ വിദ്യാർത്ഥികളും ചേർന്നു നടത്തുന്ന നിശാ ക്ലാസ്സുകളാണ് മുഴുവൻ വിദ്യാർത്ഥികൾക്കും
മികച്ച വിജയം ആവർത്തിക്കുവാൻ സഹായിക്കുന്നതെന്ന് പ്രിൻസിപ്പൽ ഇ.ജി ബാബുവും ഹെഡ്മിസ്ട്രസ് എൻ.സി ബീനയും പറഞ്ഞു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുവാൻ എസ്.എൻ.ഡി.പി ശാാഖ പ്രസിഡന്റ് എൽ.സന്തോഷ്, സെക്രട്ടറി ജിനു രാജ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാമൃതം പദ്ധതിയും സ്കൂളിന്റെ വിജയത്തിന് തുണയായി. വലിയ സഹായമായിട്ടുണ്ട്. കലാകായിക രംഗത്തും ഈ വിദ്യാലയം ജില്ലയിൽ മുന്നിലാണ്. ഇക്കുറിയും ഇവിടെ പുതിയതായി നിരവധി കുട്ടികൾ പഠനത്തിനായെത്തിയിട്ടുണ്ട്.