തൃപ്പൂണിത്തുറ: പൂത്തോട്ട ക്ഷേത്രപ്രവേശന മെമ്മോറിയൽ ഹൈസ്കൂളിന് (കെ.പി.എം.എച്ച്.എസ്) ഇക്കുറിയും എസ്.എസ്.എൽ. സി പരീക്ഷയിൽ തിളക്കമാർന്ന വിജയം. 333 പേർ പരീക്ഷയെഴുതിയതിൽ 330 പേരും പാസായി. 41 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് ലഭിച്ചു. വിജയം 99 ശതമാനം. കഴിഞ്ഞ വർഷവും ഇവിടെ മികച്ച വിജയം ലഭിച്ചിരുന്നു. ഏറെ സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയമെന്ന നിലയിൽ അദ്ധ്യാപകരുംം രക്ഷകർത്താക്കളും ചേർന്നു നടത്തുന്ന പ്രവർത്തനങ്ങളാണ് വിജയത്തിന് പിന്നിൽ. സ്മാർട്ട് ക്ലാസ് മുറികൾ, മികച്ച പാഠ്യേതര പ്രവർത്തനങ്ങൾ, എന്നിവയ്ക്കൊപ്പം എൻ.സി.സി, സ്കൗട്ട്, ജെ.ആർ.സി എന്നിവയും സാമൂഹ്യ പ്രതിബദ്ധതയുള്ള പുതിയ തലമുറയെ വാർത്തെടുക്കുവാനും സഹായിക്കുന്നതായി ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് പറഞ്ഞു.
നഴ്സറി മുതൽ എൽ.എൽ.ബി വരെയുള്ള കോഴ്സുകൾ പ്രവർത്തിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയ സമുച്ചയത്തിന്റെ ഭാഗമായ ഈ വിദ്യാലയം പൂത്തോട്ട 1103 എസ്.എൻ.ഡി.പി ശാഖാ യോഗം മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. എറണാകുളം കൂടാതെ കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പഠിക്കുന്നെന്ന അപൂർവതയും സ്കൂളിനുണ്ട്.