കൊച്ചി: കൊവിഡിനെ തോൽപ്പിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി ജില്ലയിലെ കുട്ടികൾ. 99.32 ശതമാനത്തോടെ എസ്.എസ്.എൽ.സി ചരിത്രത്തിലെ റെക്കാഡ് വിജയമാണ് ജില്ല സ്വന്തമാക്കിയത്. 99.06 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. വിജയ ശതമാനം കൂടിയെങ്കിലും കഴിഞ്ഞ വർഷത്തെ മൂന്നാംസ്ഥാനമെന്നതിൽ നിന്ന് നാലാമതിലേക്ക് പിന്തള്ളപ്പെട്ടു. ജില്ലയിൽ ഈ വർഷം പരീക്ഷ എഴുതിയ 31,440 പേരിൽ 31,226 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി. 214 പേർക്ക് മാത്രമാണ് ഉപരിപഠനത്തിനുള്ള യോഗ്യത നഷ്ടമായത്. കഴിഞ്ഞ വർഷത്തേക്കാൾ പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഈ വർഷം കുറവുണ്ടായിരുന്നു. സർക്കാർ സ്കൂളുകളിലെ വിജയ ശതമാനത്തിൽ ജില്ല മുന്നേറി മൂന്നാമതെത്തി. 99.06 ആണ് വിജയ ശതമാനം . കഴിഞ്ഞ വർഷം 98.96 ശതമാനം. വിജയ ശതമാനത്തിനൊപ്പം എ പ്ലസുകാരുടെ എണ്ണത്തിലും ജില്ലയിൽ വർദ്ധനവുണ്ടായി.

3406 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. പെൺകുട്ടികളാണ് (2454) ഈ നേട്ടത്തിൽ മുന്നിൽ. 223 സ്കൂളുകൾ പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിച്ച് നൂറു ശതമാനം വിജയം നേടി. കഴിഞ്ഞ വർഷത്തേക്കാൾ (209) 14 സ്കൂളുകൾ അധികമായി ഈ പട്ടികയിൽ ഇടം നേടി. 72 സർക്കാർ സ്‌കൂളുകൾക്കാണ് നൂറുമേനി നേട്ടം. കൂടുതൽ പേരെ പരീക്ഷക്കിരുത്തി എല്ലാവരെയും വിജയിപ്പിച്ച സ്കൂളെന്ന നേട്ടം 509 വിദ്യാർത്ഥികളിലൂടെ ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിനാണ്. ജില്ലയിലെ സർക്കാർ സ്കൂളുകളിൽ കൂടുതൽ പേരെ പരീക്ഷക്കിരുത്തി എല്ലാവരെയും വിജയിപ്പിച്ച റെക്കോഡ് ഇത്തവണയും പെരുമ്പാവൂർ ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസിനാണ്. മൂന്നു പേരെ വിജയിപ്പിച്ച തൃപ്പൂണിത്തുറ ഗവ.സാംസ്‌കൃത് എച്ച്.എസ്.എസ് അടക്കം പത്തിൽ താഴെ വിദ്യാർഥികൾ പരീക്ഷ എഴുതിയ 15 സ്‌കൂളുകളും നൂറ് മേനി നേടി.