പറവൂർ: ‘മിഷൻ ഹൈവേ’ പദ്ധതിയുടെ ഭാഗമായി ദേശീയപാത 66 നിർമിക്കാൻ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ സ്ഥലം ഏറ്റെടുക്കുന്നതിനായി ഇന്നലെ ആരംഭിക്കാനിരുന്ന കല്ലിടൽ മാറ്റി. രണ്ടാം തവണയാണ് നീട്ടിവയ്ക്കുന്നത്.
സ്കെച്ചും അലൈൻമെന്റും തയാറാക്കിയ ബെംഗളൂരുവിലെ ഫീഡ് ബാക്ക് ഇൻഫ്ര കമ്പനിയുടെ ഉദ്യോഗസ്ഥർ കല്ലിടുന്നതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്. നേരത്തെ സ്കെച്ചിൽ വ്യത്യാസങ്ങൾ ഉള്ളതിനാൽ കല്ലിട്ട പലസ്ഥലങ്ങളിലും വീണ്ടും ഇടേണ്ടതുണ്ട്. കല്ലിട്ട ശേഷം സർവേ നടപടികൾ പൂർത്തിയാക്കി ത്രിഡി വിജ്ഞാപനം ഇറക്കിയശേഷമാണ് സ്ഥലം ദേശീയപാത അതോറിറ്റിക്കു കൈമാറുക. നവംബർ 30നകം സ്ഥലം ഏറ്റെടുത്തു നൽകണമെന്നാണ് സർക്കാർ നിർദേശമെങ്കിലും കല്ലിടൽ നീളന്നതിനാൽ നിശ്ചിത തീയതിയിക്കുള്ളിൽ നടപ്പാകുമോയെന്ന് ഉറപ്പില്ല. ഒക്ടോബർ 10ന് മുമ്പ് ഭൂവുടമകൾക്ക് നഷ്ടപരിഹാര തുക നൽകുകയോ കോടതിയിൽ കെട്ടിവയ്ക്കുകയോ ചെയ്യുമെന്ന് നേരത്തെകലക്ടർ അറിയിച്ചിരുന്നു. ജില്ലാ ഭരണകൂടം, ദേശീയപാത, ലാൻഡ് അക്വസിഷൻ അധികൃതർ തമ്മിൽ ഏകോപനമില്ലാത്താണു കല്ലിടൽ നീണ്ടുപോകാൻ കാരണമാകുന്നതെന്ന ആക്ഷേപമുയരുന്നുണ്ട്. സ്ഥലം ഏറ്റെടുക്കലിന്റെ ആദ്യപടിയായ ത്രി.എ വിജ്ഞാപനം ഫെബ്രുവരിയിൽ പുറത്തിറക്കി.
2021 ഫെബ്രുവരിക്കുള്ളിൽ ത്രിഡി വിജ്ഞാപനം ഇറങ്ങിയില്ലെങ്കിൽ ത്രിഎ വിജ്ഞാപനം റദ്ദാകും.
#പുതിയ കല്ലിടൽ തീയതി നിശ്ചയിച്ചിട്ടില്ല
പുതിയ കല്ലിടൽ തീയ്യതി നിശ്ചയിച്ചിട്ടില്ല. ജൂൺ 8ന് തുടങ്ങാൻ കലക്ടറുടെ നേതൃത്വത്തിൽ തീരുമാനിച്ചെങ്കിലും അന്നും നടന്നില്ല. പിന്നീടാണ് ഇന്നലെ കല്ലിടൽ ആരംഭിക്കാൻ തിരുമാനിച്ചത്.നന്ത്യാട്ടുകുന്നത്തു പ്രവർത്തിക്കുന്ന ലാൻഡ് അക്വസിഷൻ സ്പെഷൽ ഡപ്യൂട്ടി കലക്ടറുടെ ഓഫീസിനാണ് സ്ഥലം ഏറ്റെടുത്തു ദേശീയപാതയ്ക്കു കൈമാറേണ്ട ചുമതല.
#ഹിയറിംഗ് ഇന്ന്
സമയബന്ധിതമായി ത്രി.ഡിവിജ്ഞാപനം ഇറക്കാൻ കഴിയാതിരുന്നതുമൂലം ഒരുതവണ ത്രിഎ വിജ്ഞാപനം റദ്ദായതാണ്. തുടർന്നാണ് ഫെബ്രുവരിയിൽ വീണ്ടും ഇറക്കിയത്. കണയന്നൂർ, പറവൂർ താലൂക്കുകളിലെ ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള ഭാഗത്ത് 24 കിലോമീറ്ററിലാണ് സ്ഥലങ്ങൾ ഏറ്റെടുക്കുക. ത്രിഎ വിജ്ഞാപനം പുറത്തിറക്കിയതിനു ശേഷം ലഭിച്ച പരാതികൾ സംബന്ധിച്ച ഹിയറിംഗ് ഇന്ന് ആരംഭിക്കുമെന്നു ഡപ്യൂട്ടി കലക്ടർ കെ.ടി.സന്ധ്യാദേവി പറഞ്ഞു.