ആലുവ: ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിന് എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. ഇക്കുറി പരീക്ഷയെഴുതിയ 227 കുട്ടികളും ഉപരിപഠന യോഗ്യത നേടി. 12 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ആറ് പേർക്ക് ഒൻപത് വിഷയത്തിനും നാല് പേർക്ക് എട്ട് വിഷയത്തിനും എ പ്ലസ് ലഭിച്ചു.
സി.എസ്. സിദ്ധാർത്ഥ്, അഭിനവ് സാബു, ഐഷ ഹാദിയ, എൻ. അക്ഷയ്, ടി.ആർ. അനഘ, അനശ്വര സതീശൻ, അഞ്ജന ദിനേശ്, ദിയ അൻവർ, ഫർദ്ദീൻ സലീം, ഹരി അയ്യപ്പൻ, ലിമിയ ഒ. നൈസാം, എ.ആർ. നേഹ എന്നിവരാണ് എല്ലാ വിഷയത്തിനും എ പ്ളസ് നേടി സ്കൂളിന്റെ അഭിമാനമായത്.
വർഷങ്ങളായി ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മിന്നുന്ന വിജയമാണ് കരസ്ഥമാക്കുന്നത്. ഇരു പരീക്ഷകളിലും നൂറു ശതമാനം വിജയം നേടിയ വർഷവുമുണ്ട്.
കഴിഞ്ഞ വർഷം എസ്.എസ്.എൽ.സിക്ക് ഒരു കുട്ടി പരാജയപ്പെട്ടെങ്കിലും സേ പരീക്ഷയിലൂടെ സ്കൂളിന് സമ്പൂർണ വിജയം സമ്മാനിച്ചിരുന്നു. ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയവരിൽ 183 ആൺകുട്ടികളും 44 പെൺകുട്ടികളുമാണ്.
1914ൽ ശ്രീനാരായണ ഗുരുദേവന്റെ നേരിട്ട നിയന്ത്രണത്തിൽ സംസ്കൃത വിദ്യാലയമായാണ് സ്കൂളിന്റെ തുടക്കം. പിന്നീട് എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾ തുടങ്ങി. ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചതോടെയാണ് സ്കൂളിന്റെ വിജയശതമാനം നൂറിലേക്ക് ഉയർന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സ്കൂൾ മാനേജ്മെന്റ്.
അഭിനന്ദമറിയിക്കാൻ യോഗം പ്രസിഡന്റ് നേരിട്ടെത്തി
ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ ആലുവ എസ്.എൻ.ഡി.പി സ്കൂൾ നൂറുമേനി വിജയം കൊയ്തപ്പോൾ അഭിനന്ദനമറിയിക്കാൻ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ നേരിട്ടെത്തി.
നൂറു ശതമാനം വിജയം നേടാൻ പ്രയത്നിച്ച അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും യോഗം പ്രസിഡന്റ് അഭിനന്ദിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സതീഷ് കുട്ടപ്പനെയും പ്രിൻസിപ്പൽ സീമ കനകാംബരനെയും പൊന്നാടയണിച്ച് ആദരിച്ചു. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, സ്കൂൾ വികസന സമിതി കൺവീനർ കെ.കെ. മോഹനൻ, മുൻ യൂണിയൻ സെക്രട്ടറി കെ.എൻ. ദിവാകരൻ, അദ്ധ്യാപകരായ സി.എസ്. ദിലീപ്കുമാർ, പി.എൻ. നവീൻ, എം.എസ്. സുമിത, എം.എം. ശ്രീദേവി, കെ.എസ്. വിവേക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.