sidharth-vijyan
സിദ്ധാര്‍ഥ് വിജയന്‍

വൈപ്പിൻ: നാടൻ പാട്ടുകൾക്ക് പുതിയ രീതിയിൽ സംഗീതം ഒരുക്കി മലയാളികളെ നാടൻ പാട്ടുകളുടെ ഉപാസകരാക്കി മാറ്റിയ സംഗീത സംവിധായകനാണ് ഇന്നലെ വിടപറഞ്ഞ സിദ്ധാർഥ് വിജയൻ. കലാഭവൻ മണി നാടൻപാട്ടുകളും ഭക്തിഗാനങ്ങളും തമാശപ്പാട്ടുകളും പാടി കേരളം മുഴുവൻ ആസ്വാദകരെ സൃഷ്ടിച്ചതിനു പിന്നിലെ കരുത്ത് ഈ പാട്ടുകൾക്ക് സംഗീതം ഒരുക്കിയ സിദ്ധാർഥ് ആയിരുന്നു.

മണിയുടെ അമ്പതോളം ആൽബങ്ങളിലായി അഞ്ഞൂറിൽപ്പരം പാട്ടുകൾക്കാണ് സിദ്ധാർഥ് ഈണമിട്ടത്.

1999 ൽ സ്വാമി തിന്തകത്തോം എന്ന അയ്യപ്പഭക്തി ഗാനആൽബത്തിനായാണ് മണിയും സിദ്ധാർഥും ഒരുമിക്കുന്നത്. തുടർന്ന് മകരപുലരി വരെ അയ്യപ്പഭക്തിഗാന കാസറ്റുകൾ മാത്രം പതിനൊന്നെണ്ണം സൃഷ്ടിച്ചു. നാടൻ പാട്ടുകളുടെ പത്ത് കാസറ്റുകൾ, കോമഡി ഗാനങ്ങൾ എന്നിവയുൾപ്പെടെ അമ്പതോളം കാസറ്റുകൾ ഇരുവരും ചേർന്ന് ഇറക്കി.
കലാഭവൻ മണിയുടെയും സിദ്ധാർത്ഥിന്റെയും ജീവിത പശ്ചാത്തലം സമാനമായിരുന്നു. വൈപ്പിൻ കരയിലെ നായരമ്പലം നെടുങ്ങാട് മണിയൻ തുരുത്തിൽ ചാത്തന്റെയും കുഞ്ഞു പെണ്ണിന്റെയും മകനായി ജനിച്ച വിജയൻ നാട്ടിലെ ആർട്‌സ് ക്ലബുകളിൽ ഹാർമോണിയം സ്വയം വായിച്ചു പഠിച്ചാണ് സംഗീതക്കാരനായത്. സംഗീതത്തിൽ ഗുരുക്കൻമാരില്ല. നാട്ടിലേയും ചുറ്റുവട്ടങ്ങളിലേയും കലാപരിപാടികളുമായി ബന്ധപ്പെട്ട് നെടുങ്ങാട് വിജയൻ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് നടൻ തിക്കുറിശ്ശിയാണ് സിദ്ധാർഥ് വിജയൻ എന്ന് നാമകരണം ചെയ്തത്.

1983 ലെ അത്തപ്പൂ എന്ന ഓണപ്പാട്ട് കാസറ്റാണ് ആദ്യമായി പുറത്തിറക്കിയത്. പിന്നീട് ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ടുകൾക്ക് സംഗീതമൊരുക്കി. മൂന്ന് സിനിമകൾക്കും സംഗീത സംവിധാനം നിർവഹിച്ചു.

മൂവായിരത്തോളം ഗാനങ്ങളാണ് സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ മലയാളികൾ കേട്ടാസ്വദിച്ചത്. ഇവയിൽ പ്രശസ്ത സംഗീത സംവിധായകൻ എം.എസ് വിശ്വനാഥൻ പാടിയ പാട്ട് ഉൾപ്പെടുന്നു.