കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്‌.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സഹൽ ഹംസ കർണാടകയിലെ ഷിമോഗയിൽ ഒളിവിൽ കഴിഞ്ഞത് തട്ടിപ്പ് നടത്തിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഷിമോഗയിലെ കാൻസർ ചികിത്സാ കേന്ദ്രത്തിലെ ബുക്കിംഗ് ടോക്കൺ മറിച്ച് വിറ്റായിരുന്നു സഹലിന്റെ ജീവിതം.

കേസിലെ പത്താംപ്രതിയായ സഹൽ ഒളിവിൽ കഴിഞ്ഞ ഷിമോഗ, ബംഗളുരൂ, തമിഴ്‌നാട്ടിലെ ഏർവാഡി, നാഗൂർ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്താനായി പ്രത്യേക പൊലീസ് സംഘത്തെ അയച്ചു.
കർണാടകയിലെയും തമിഴ്‌നാട്ടിലെയും പോപ്പുലർ ഫ്രണ്ടുകാരാണ് ഇയാൾക്ക് ഒളിവ് കേന്ദ്രങ്ങളൊരുക്കി കൊടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷിമോഗയിലെ ക്ലിനിക്ക് പരിചയപ്പെടുത്തി കൊടുത്തതും ഇവരാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചികിത്സയ്ക്കെത്തുന്നവർക്ക് ടോക്കൺ വലിയ തുകയ്ക്ക് മറിച്ച് വിറ്റ് പണം സമ്പാദിക്കലായിരുന്നു സഹലിന്റെ പണി. ഇതിനായി ക്ലിനിക്കിൽ നിന്ന് സഹൽ മുൻകൂട്ടി ടോക്കൺ വാങ്ങും. ടോക്കൺ ലഭിക്കാത്തവർക്ക് ഇത് മറിച്ച് നൽകും. എട്ട് മാസത്തോളം ഈ തട്ടിപ്പുമായി ഷിമോഗയിൽ തുടർന്നു. പിന്നീട് ഏർവാഡി, നാഗൂർ, ബംഗളുരൂ എന്നിവിടങ്ങളിലും ഒളിവിൽ കഴിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈസ്ഥലങ്ങളിൽ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നത് പ്രായോഗികമല്ലാത്തതിനാലാണ് പ്രത്യേക സംഘത്തെ അയച്ചതെന്ന് അസി.കമ്മിഷണർ എസ്. ടി. സുരേഷ്‌കുമാർ പറഞ്ഞു. ചോദ്യം ചെയ്യലിൽ സഹൽ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ഇന്നലെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് സഹലിനെ 14 ദിവസത്തേക്ക് ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.