കോലഞ്ചേരി: വിധിയോട് പടവെട്ടി പത്താം ക്ളാസിൽ ജിഷ്ണു നേടിയത് തിളക്കമാർന്ന വിജയം. ആറാം ക്ളാസിൽ പഠിക്കുമ്പോൾ വൃക്ക തകരാറിലായി അമ്മ നൽകിയ വൃക്കയുമായായിരുന്നു ജിഷ്ണുവിന്റെ തുടർ പഠനവും ജീവിതവും. കടയരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി എത്തും വരെ ജിഷ്ണു അനുഭവിച്ച വേദനകൾക്ക് ഇന്നും അവസാനമില്ല. മരുന്നുകളോട് മല്ലടിച്ച് ജീവിതം പിടിച്ചു നിർത്തുന്നതിനിടയിൽ പഠനത്തിൽ പരമാവധി ശ്രദ്ധ നല്കാൻ ശ്രമിച്ചിരുന്നു. അതിനു വന്നെത്തിയ ഫലമാണ് ഇന്നത്തേത്. രണ്ട് എ പ്ളസ്, നാല് എ, ഒരു ബി. പ്ളസ്, രണ്ട് ബി, ഒരു സി.പ്ളസുമാണ് ലഭിച്ചത്. തുടർ ചികിത്സകളും, മാസാമാസമുള്ള പരിശോധനകളും ഇന്നും തുടരുകയാണ്. പട്ടിമറ്റം തേക്കും കാട്ടിൽ എസ്.എൻ.ഡി. പി പട്ടിമറ്റം ശാഖാംഗങ്ങളായ അനിൽ, സ്മിത ദമ്പതികളുടെ മകനാണ്.അഞ്ചാം തരം വരെ സ്പോർട്സിൽ മിടുക്കനായിരുന്നു.നന്നായി പഠിക്കും ,പെട്ടെന്നാണ് അസുഖം തിരിച്ചറിഞ്ഞത്. കോൺക്രീറ്റ് ഹെൽപ്പറായ പിതാവ് അനിലിന് കൂട്ടിയാൽ കൂടുന്നതായിരുന്നില്ല അന്ന് എറണാകുളം ലിസി ആശുപത്രിയിലെ ചികിത്സാ ചിലവ്. ഇനി കൊമേഴ്സ് പഠിക്കണമെന്നാണ് മോഹം. മരുന്നുകളുടെ സ്ഥിര ഉപയോഗം പ്രമേഹ രോഗിയുമാക്കിയതോടെ ഇൻസുലിൻ കുത്തി വെയ്പുമുണ്ട്. തല്കാലം തുടർ പഠനമാണ് മുന്നിൽ എസ്.എൻ.ഡി. പി പട്ടിമറ്റം ശാഖാംഗങ്ങളാണ് കുടുംബം.