ആലുവ: ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി കരാറിൽ അഴിമതി നടന്നതായി ആരോപിച്ച് ആലുവയിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. ബാങ്ക് ജംഗ്ഷനിൽ ഇന്നലെ വൈകിട്ടാണ് പൊലീസ് അകമ്പടിയോടെ വന്ന മന്ത്രിയെ യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി കാണിച്ചത്. മന്ത്രി വരുന്നതറിഞ്ഞ യൂത്ത് കോൺഗ്രസുകാർ സംഘടിച്ച് വാഹനവ്യൂഹത്തിനു മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. പൈലറ്റ് വാഹനം വേഗതയിൽ യൂത്ത് കോൺഗ്രസുകാരുടെ മുന്നിലേക്ക് വന്നെങ്കിലും യൂത്ത് കോൺഗ്രസ് നേതാക്കൾ മന്ത്രിയുടെ വാഹനം തടഞ്ഞു കരിങ്കൊടി കാണിച്ചു. പത്ത് മിനിറ്റോളം മന്ത്രിയുടെ വാഹനം റോഡിൽ തടഞ്ഞുനിർത്തി. അമ്പരപ്പിലായ പൊലീസ് സമരക്കാരെ ബലമായി നീക്കുകയായിരുന്നു. മന്ത്രിയെ തടഞ്ഞവർക്കെതിരെ കേസെടുത്തു ജ്യാമത്തിൽ വിട്ടു.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസ്, നേതാക്കളായ കെ.എസ്. മുഹമ്മദ് ഷെഫീക്ക്, രാജേഷ് പുത്തനങ്ങാടി എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്.