കോലഞ്ചേരി: എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദി. കുഞ്ഞുജെസീ​റ്റ ആരോഗ്യവതിയായി ജീവിതത്തിലേക്ക് മടങ്ങിയെത്തി. രണ്ടു ദിവസത്തിനകം ആശുപത്രി വിടും. ശസ്ത്രക്രിയയ്ക്കു ശേഷം തലയിലിട്ടിരുന്ന സ്റ്റിച്ചെടുത്തു. ആന്റിബയോട്ടിക്കുകൾ നിർത്തി. സങ്കീർണ്ണമായ ശസ്ത്രക്രിയ കഴിഞ്ഞ് ഒമ്പതുദിവസം പിന്നിടുമ്പോൾ അങ്കമാലിയിൽ പിതാവിന്റെ ക്രൂരതയ്ക്കിരയായ രണ്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ് ജെസീ​റ്റ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കളിചിരിയിലാണ്.

ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഹൃദയം കവർന്ന കുഞ്ഞായി ജെസീറ്റ മാറി. തീർത്തും കൈവിട്ട ജീവിതത്തിൽ നിന്നാണ് ജെസീറ്റ പിച്ചവച്ചെത്തുന്നത്. ആശുപത്രിയിലെ ന്യൂറോസർജറി വിഭാഗം ഏറെ കരുതലോടെയാണ് കുഞ്ഞിനെ പരിചരിച്ചിരുന്നത്.

കുഞ്ഞിന്റെ അമ്മ നേപ്പാളി സ്വദേശിയായ സഞ്ജാമയയെ അങ്കമാലി സ്വദേശി ഷൈജു നവമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ടാണ് വിവാഹം കഴിച്ചത്. വിവാഹശേഷം ഷൈജുവിന്റെ അങ്കമാലിയിലെ വീട്ടിൽ കൊടിയ പീഡനമാണ് യുവതി അനുഭവിച്ചത്. ഒടുവിൽ കുഞ്ഞു പിറന്നപ്പോൾ പിതൃത്വത്തിന്റെ പേരിലുള്ള സംശയത്തിലാണ് കുഞ്ഞിനെ കാലിൽ പിടിച്ച് തൂക്കി കട്ടിലിലേക്കെറിഞ്ഞത്. ഇനി കുഞ്ഞുമായി ഈ നാട്ടിൽ കഴിയാനില്ലെന്ന് പിറന്ന നാടിനോടുള്ള സ്നേഹം മനസിൽ വച്ച് അമ്മ പറയുന്നു. ഇവളെ നേപ്പാളിയാക്കി അതിർത്തി കടത്തണം. ഇവിടത്തെ നാട്ടുകാരോടുള്ള കടപ്പാട് ഒരിക്കലും മറക്കില്ല. ഇവിടെയായതുകൊണ്ടു മാത്രമാണ് തന്റെ മകൾ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയതെന്ന് അമ്മ പറയുന്നു.