letters-

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകാൻ ഗുരുവായൂർ ദേവസ്വം ഭരണ സമിതിയോഗം തീരുമാനിച്ചതിനെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. വിവിധ ബാങ്കുകളിലായി 1360 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഗുരുവായൂർ ദേവസ്വത്തിനുണ്ട്. ആ തുകയിൽ നിന്നാണ് സംഭാവന നൽകിയതെന്നാണ് ദേവസ്വത്തിന്റെ നിലപാട്. എന്നാൽ ഹിന്ദു സമൂഹവും ഭക്തരും സമർപ്പിക്കുന്ന കാണിക്കപ്പണമാണ് അതെന്നും അത് ക്ഷേത്രേതര കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് പറയുന്നവരുമുണ്ട്.

ഈ ചുറ്റുപാടിൽ കുറച്ചുനാൾ മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകടിപ്പിച്ച ഒരു അഭിപ്രായം ഇവിടെ പ്രസക്തമാകുന്നു. വിവിധ ദേവാലയങ്ങളിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ നിക്ഷേപങ്ങൾ ജനങ്ങൾക്ക് പ്രയോജനകരങ്ങളായ കാര്യങ്ങൾക്ക് വിനിയോഗിക്കേണ്ടതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ദേവാലയ സ്വത്തുക്കൾ പൊതുക്കാര്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയ മറ്റൊരു ഭരണാധിപനും ചരിത്രത്തിലുണ്ട്. കൊച്ചി രാജ്യം ഭരിച്ചിരുന്ന രാമവർമ്മ മഹാരാജാവ്. ഷൊർണ്ണൂരിൽ നിന്നും കൊച്ചിയിലേക്കുള്ള റെയിൽപ്പാത നിർമ്മിക്കുന്നതിനുവേണ്ടി തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ ഉരുപ്പടികൾ അദ്ദേഹം ഉപയോഗപ്പെടുത്തുകയുണ്ടായി. നാനാജാതി മതസ്ഥരായ പ്രജകളുടെ ക്ഷേമത്തിനാണ് രാജാവ് പ്രാധാന്യം നൽകിയത്. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന മഹാമാരിയിൽ നിന്നും സമസ്ത ലോകരേയും രക്ഷിക്കുന്നതിനുവേണ്ടി ചെയ്യുന്നതെല്ലാം ഈശ്വര സേവനം തന്നെ.

വി.എസ്. ബാലകൃഷ്ണപിള്ള,

തൊടുപുഴ.