
പ്രജാക്ഷേമ തല്പരരായ രാജാക്കന്മാരുമുണ്ട്
പഴയകാല രാജാക്കന്മാരെയും രാജഭരണത്തെയും അടച്ചാക്ഷേപിക്കുന്നു. അത് ശരിയല്ല. ഇച്ഛാശക്തിയും തന്റേടവുമുള്ള നിരവധി രാജാക്കന്മാർ ഉണ്ടായിരുന്നു എന്ന് ചരിത്രം നോക്കിയാലറിയാം.
തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ സ്ഥാപകനെന്നു പറയാവുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയ്ക്കുശേഷം രാജ്യം ഭരിച്ചിരുന്നത് ധർമ്മരാജാവ് എന്നു പുകൾപെറ്റ ആയില്യം തിരുനാൾ മഹാരാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ശ്രീപത്മനാഭന്റെ പൊന്നരഞ്ഞാണം എടുത്തിട്ടാണ് തിരുവനന്തപുരത്തെ കരമനയാറ്റിലും കിള്ളിയാറ്റിലും കല്ലുപാലം നിർമ്മിച്ചത് എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
കൊച്ചി മഹാരാജാവായിരുന്ന രാമവർമ്മയും പ്രജാക്ഷേമ തൽപരനായ ഭരണാധികാരിയായിരുന്നു. ഷൊർണ്ണൂരിൽ നിന്നും കൊച്ചിയിലേക്കുള്ള റെയിൽപ്പാത നിർമ്മിക്കുന്നതിനുവേണ്ടി അദ്ദേഹം തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ ഉരുപ്പടികൾ എടുത്ത് ഉപയോഗപ്പെടുത്തുകയുണ്ടായി. നാനാജാതി മതസ്ഥരായ പ്രജകളുടെ ക്ഷേമത്തിനാണ് ഈ രണ്ടു ഭരണാധികാരികളും പ്രാധാന്യം നൽകിയത്. ഇങ്ങനെയുള്ളവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് നീതികേടാണ്.
വി.എസ്. ബാലകൃഷ്ണപിള്ള,
മണക്കാട്, തൊടുപുഴ.
കോച്ചിംഗ് സെന്ററുകൾ തുറക്കണം
ആസന്നമായിരിക്കുന്ന പല പരീക്ഷകൾക്കും തയ്യാറെടുത്തുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും ആശ്രയിക്കുന്നത് കോച്ചിംഗ് സെന്ററുകളെയാണ്. പ്രൊഫഷണൽ കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷയ്ക്ക് പരിശീലന ക്ളാസുകളെ ഒഴിവാക്കാൻ പറ്റില്ല. അതുപോലെ തന്നെ ഉയർന്ന തസ്തികയിലുൾപ്പെടെ പി.എസ്.സി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷ എഴുതുന്നവർക്കും കോച്ചിംഗ് സെന്ററുകളുടെ സേവനം അനിവാര്യമാണ്. നിശ്ചിത അകലം പാലിച്ചു കൊണ്ടുതന്നെ കോച്ചിംഗ് സെന്ററുകളിൽ ക്ളാസുകൾ ആരംഭിക്കാവുന്നതേയുള്ളൂ. ഇനിയും വൈകാതെ കോച്ചിംഗ് സെന്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കണം.
കെ.പി. ഭാൻഷായ് മോഹൻ,
കരുവാറ്റ.