fuel

കൊച്ചി: ലോക്ക്ഡൗൺ ഇളവുകളുടെ കരുത്തിൽ വാഹനങ്ങൾ നിരത്തിലെത്തി തുടങ്ങിയെങ്കിലും മേയിൽ ഇന്ധന ഡിമാൻഡ് കുതിച്ചുകയറിയില്ല. ഡീസൽ വില്പന 31 ശതമാനം ഇടിഞ്ഞു. ഏപ്രിലിൽ ഇടിവ് 56 ശതമാനമായിരുന്നു. ഏപ്രിലിൽ 60 ശതമാനം ഇടിഞ്ഞ പെട്രോൾ വില്പന, മേയിൽ നേരിട്ട നഷ്‌ടം 36.5 ശതമാനം. ഇന്ത്യയിലെ ഇന്ധന വില്പനയുടെ 90 ശതമാനവും കൈയാളുന്ന പൊതുമേഖലാ കമ്പനികളുടെ കണക്കാണിത്.

വിമാന ഇന്ധന വില്പന മേയിൽ 85 ശതമാനം കുറഞ്ഞു; ഏപ്രിലിൽ ഇടിവ് 91.3 ശതമാനമായിരുന്നു. അതേസമയം, പാചകവാതക സിലിണ്ടർ വില്പന മേയിലും മികച്ച നേട്ടമുണ്ടാക്കി. ഏപ്രിലിൽ 12.2 ശതമാനമായിരുന്നു എൽ.പി.ജി വില്പന വളർച്ച. മേയിൽ ഇത് 13 ശതമാനമായി ഉയർന്നു. ജൂണിൽ, ലോക്ക്ഡൗൺ ഇളവിന്റെ പശ്‌ചാത്തലത്തിൽ റസ്‌റ്രോറന്റുകളും തുറക്കുന്നതോടെ, എൽ.പി.ജി ഡിമാൻഡ് കൂടുതൽ മെച്ചപ്പെടുമെന്നാണ് കരുതുന്നത്.