ഒരു ലൊക്കേഷനിൽവച്ചാണ് മോഹൻലാലിനെ ആദ്യമായി കണ്ടത്. ചിരപരിചിതനായ ഒരാളോടെന്നപോലെ വളരെ സൗമ്യമായ പെരുമാറ്റം. മനസ്സ് പറഞ്ഞു- ചുമ്മാതല്ല ഈ മനുഷ്യൻ മഹാനടനായത്. ജനകോടികളുടെ മനസിൽ നിറഞ്ഞത്. ജിതേഷ് ദാമോദറിന്റെ പുസ്തകം പ്രകാശനം ചെയ്യാനായി ക്ഷണിക്കാനായിരുന്നു ആ കൂടിക്കാഴ്ച. സുകു പാൽക്കുളങ്ങരയും ഒപ്പമുണ്ടായിരുന്നു. എറണാകുളത്തുവച്ചായിരുന്നു ചടങ്ങ്. സമയം ആകാറയല്ലോ എന്ന് വാച്ചിൽ നോക്കുമ്പോഴുണ്ട് മുന്നിൽ മോഹൻലാൽ. ചുറ്റും ആളുകൾ തിക്കിത്തിരക്കി. മീറ്റിംഗ് കഴിഞ്ഞതിന്റെ പിറ്റേദിവസം രാവിലെ മോഹൻ ലാലിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽകുമാർ മൊബൈലിൽ വിളിച്ചു. താങ്കളുടെ അദ്ധ്യക്ഷ പ്രസംഗം നന്നായിരുന്നു. പറഞ്ഞതെല്ലാം അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടു. അത് അറിയിക്കണമെന്നു പറഞ്ഞതുകൊണ്ടാണ് വിളിച്ചത്. സന്തോഷം. മനസിൽ എല്ലായിപ്പോഴും ബാല്യമുള്ള ഒരാൾക്കുമാത്രമേ ഇത്ര അനായാസം അഭിനയിക്കാൻ കഴിയുകയുള്ളൂ എന്നാണ് അന്ന് ആമുഖമായി പറഞ്ഞത്. അഭിനയലോകത്ത് ലാൽ ഒരോരോ കഥാപാത്രങ്ങളെയും കീഴടക്കുമ്പോൾ പ്രേക്ഷകർ വിസ്മയത്തോടെ ആ സന്നിധിയിൽ നമസ്കരിച്ചുപോകുന്നു. ഇതൊരു വരദാനമാണ്.
ചിലർ കണ്ണുകൊണ്ടഭിനയിക്കും. ചിലർ കവിളുകൊണ്ടഭിനയിക്കും, ചിലർ പുരികംകൊണ്ട്. ചിലർ ദേഹം കൊണ്ട്. കൈകാലുകൾ കൊണ്ട്.. ഭരതന്റെയും പത്മരാജന്റെയും സിനിമകൾ ഓർത്തുനോക്കൂ. നാഭികൊണ്ടും നിതംബംകൊണ്ടും അഭിനയിച്ച് ആ സിനിമയുടെ വിജയരാശി കുറിക്കുന്നതു കാണാം.മോഹൻലാൽ അഭിനയിക്കുന്നതോ? മുടിനാരിഴപോലും അഭിനയത്തിൽ അലിഞ്ഞുചേരും. മഞ്ഞിൽവിരിഞ്ഞപൂക്കളിലെ വില്ലനെ കണ്ട് വെറുപ്പു തോന്നിയ എന്നോട് ബാല്യകാല സുഹൃത്തും സഹപാഠിയുമായ സജീവൻ പറഞ്ഞു- ആ ശബ്ദവും ഭാവവും ശ്രദ്ധിച്ചോ, അയാളാണ് അതിലെ ഹീറോ ആകേണ്ടിയിരുന്നത്. അമ്പരപ്പോടെ ഇപ്പോഴും സജീവന്റെ വാക്കുകൾ ഓർമ്മിക്കുന്നു.
ഉരുൾപൊട്ടിയ പേമാരിക്കുമുന്നേ ആകാശത്തുതെളിഞ്ഞ മാരിവില്ലുപോലെ ഒരു നടൻ. 60 വയസായെന്നോ മോഹൻലാലിന്. ആര് വിശ്വസിക്കും. വിശ്വസിച്ചാലും മലയാളികളായ നമ്മൾ അത് സമ്മതിച്ചുകൊടുക്കില്ല. ഏതെല്ലാം ഋതുക്കൾ വന്നുപോയാലും കരമന ആറ്റിലൂടെ നൂറു കാലവർഷം ഒലിച്ചുപോയാലും നമ്മുടെ മോഹൻലാൽ നിത്യവസന്തമായി വാഴും. അഭിനയ ലോകത്തെ ഗന്ധർവ്വന് നൂറ് ജന്മദിനാശംസകൾ.
ഇന്നിപ്പോൾ മലയാള സിനിമയുടെ കെട്ടും മട്ടും മാറി. സിനിമയുടെ അനൗൺസ്മെന്റിനൊപ്പം വിതരണം ചെയ്തിരുന്ന നോട്ടീസിലെ കഥ പാതിനിറുത്തി, ശേഷം സ്ക്രീനിൽ എന്ന് വായിക്കുമ്പോൾ തോന്നുന്ന ആകാംക്ഷ ഇന്നില്ല. കഥ വേണ്ട. ചില സംഭവങ്ങൾ മതി ഒരു സിനിമയ്ക്ക് എന്ന നിലവന്നു. കഥയില്ലാതായിത്തീരുന്ന നമ്മുടെ ജീവിതത്തിന്റെ പകർപ്പുതന്നെയാവും പുതിയ സിനിമയും. ഓരോ മനുഷ്യന്റെയും ജീവിതം ഓരോ കഥയായിരുന്നു. ഇന്നതല്ല സ്ഥിതി. പലരുടെയും കഥയില്ലായ്മകൾ ചേർന്ന് ഓരോ ജീവിതവും രൂപപ്പെടുന്നു. സ്വന്തം കഥ പറയാൻ തുടങ്ങുമ്പോൾ പലരുടെയും കഥയുടെ തുണ്ടുകൾ അതിലേക്ക് വന്നുകയറുന്നു. എന്നാൽ, കവി സുരേഷ് നൂറനാടിന്റെ 'അപരകഥ"എന്ന ആത്മകഥ വായിക്കുമ്പോൾ പുതിയ കാലത്തിന്റെ ഈ ശൈഥില്യത്തെ സൗന്ദര്യമാക്കി മാറ്റുന്നത് കാണാം. സുരേഷ് എഴുതുന്നു: 'മുതുകുളത്തെ അദ്ധ്യാപക ജീവിതത്തിൽ എനിക്ക് ഒരേയൊരു സുഹൃത്തിനേ കിട്ടിയുള്ളൂ. ട്രഷറിയിലെ വി.രഘുനാഥ്. ഏതോ അർത്ഥത്തിൽ ഞങ്ങൾ സഹോദരന്മാരാണ്.'- രഘുവിനൊപ്പം തഞ്ചാവൂരിലും ചിദംബരത്തും വൈത്തീശ്വരൻ കോവിലിലും പോയ കഥ ഇതിലുണ്ട്. മഹാക്ഷേത്രങ്ങൾക്കുമുന്നിൽ ഞെട്ടിക്കുന്ന നിശബ്ദതയോടെ രഘുനാഥ് നിന്ന ദൃശ്യവും കാണാം. മുതുകുളം രാഘവൻപിള്ള സാംസ്കാരിക സമിതിയുടെ സെക്രട്ടറിയാണ് രഘുനാഥ്. സാഹിത്യപ്രേമിയായ അദ്ദേഹത്തോടൊപ്പം പല സായാഹ്നങ്ങൾ ഞാനും കൂടിയിട്ടുണ്ട്. നടൻ മധുവിന് മുതുകുളം രാഘവൻപിള്ള പുരസ്കാരം സമ്മാനിക്കുന്ന ചടങ്ങിലാണ് ഒടുവിൽ കണ്ടത്.
മധുസാറിനൊപ്പം അന്ന് തിരുവനന്തപുരത്തുനിന്ന് പോകുമ്പോൾ സംവിധായകൻ ഹരികുമാറും മറ്റൊരു വാഹനത്തിൽ എം.എ.ബേബിയും ഉണ്ടായിരുന്നു. യാത്രയ്ക്കിടയിൽ മധുസാർ പറഞ്ഞു. ഇപ്പോഴത്തെ സിനിമയിലെ നായികാനായകന്മാർക്ക് അച്ഛനും അമ്മയും മുത്തശ്ശിയുമൊന്നുമില്ല. സ്വയംഭൂക്കളാണ്. എവിടെനിന്നോ വരുന്നു എന്തെല്ലാമോ ചെയ്യുന്നു എവിടേക്കോ പോകുന്നു. ചോദിക്കാനും പറയാനും ആരുമില്ല? സൃഷ്ടികർത്താവില്ലാത്ത സ്ഥിതി. പൊട്ടിച്ചിരിയോടെ മധുസാർ അതു പറയുമ്പോൾ നരൻ എന്ന സിനിമയിലെ ദൃശ്യങ്ങൾ മനസിൽ തെളിഞ്ഞു. മോഹൻലാലിന്റെ മുള്ളംകൊല്ലി വേലായുധനെ മെരുക്കി സനാഥനാക്കുന്ന മധുവിന്റെ വലിയ നമ്പ്യാർ എന്ന കഥാപാത്രം മുന്നിൽവന്നു നിന്നു. വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞൊഴുകിയ നദിക്കരയിൽ നിന്നുകിട്ടിയ ചോരക്കുഞ്ഞാണ് തെമ്മാടികൾക്ക് പേടിസ്വപ്നമായി വളർന്ന മുള്ളംകൊല്ലി വേലായുധൻ. തന്റെ സംരക്ഷകനായ വലിയ നമ്പ്യാരെ മാത്രമേ വേലായുധന് പേടിയും അനുസരണയുമുള്ളു. കഥാപാത്രങ്ങളെ കൺമുന്നിൽ ജീവിക്കുന്നവരാക്കി മാറ്റുന്നവരാണ് ഈ നടന്മാർ. ഇരുവരും ഒന്നിച്ചുവരുന്ന ഫ്രെയിമുകൾ മനസിൽനിന്നു മാഞ്ഞുപോകില്ല. അത്രയ്ക്കും റിച്ചായിരിക്കും അവ.
സമകാലിക ജീവിതത്തിൽ സിനിമയും നാടകവും തോറ്റുപോവുകയാണ്. അഭിനയചക്രവർത്തിമാരായി മാറുകയാണ് ഒരോരോ മനുഷ്യരും. സർപ്പദോഷങ്ങളുടെ കാലം കഴിഞ്ഞു. ഉഗ്രസർപ്പം ഭർത്താവിന്റെയും കാമുകിയുടെയും രൂപത്തിൽ വരാം. സർപ്പത്തിനും വേണം പോസ്റ്റുമോർട്ടം.