ആലപ്പുഴ:തോട്ടപ്പള്ളി സ്പിൽവെ പാലത്തിനടിയിലൂടെ ഒരുപാട് കാലമായി ഒരു പാട് വെള്ളമൊഴുകി അറബിക്കടലിൽ പതിക്കുന്നു.പക്ഷെ ഇപ്പോൾ തലങ്ങും വിലങ്ങും ഒഴുകിക്കൊണ്ടിരിക്കുന്നത് വിവാദത്തിന്റെ വെള്ളക്കെട്ടാണ്.തോട്ടപ്പള്ളി പൊഴിമുറിക്കലാണ് പതിവുപോലെ ഇക്കുറിയും വിവാദങ്ങൾക്ക് കളമൊരുക്കിയത്.
സ്പിൽവെയ്ക്ക് പടിഞ്ഞാറുവശം കുറെ ജെ.സി.ബികളും ഹിറ്റാച്ചി മെഷീനുകളും അങ്ങിങ്ങായി ആനയിച്ച് കൊണ്ടുവന്നു നിർത്തി.പൊഴിമുറിക്കലിന് മുന്നോടിയായുള്ള ഗണപതിക്ക് ഒരുക്ക് പോലെ കുറെ കാറ്റാടി മരങ്ങൾ മുറിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. ഏതായാലും വിഘ്നേശ്വരൻ കനിഞ്ഞു, ഒരു പഞ്ഞവുമില്ലാതെ വിവാദങ്ങളും സമരങ്ങളും ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നു. ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും രണ്ടു പക്ഷത്തുമില്ലാത്ത ബി.ജെപിക്കാരും ധീവരസഭക്കാരും പിന്നെ കുറെ പരിസ്ഥിതി സ്നേഹികളും എല്ലാം ചേർന്ന് അവിയൽ പരുവത്തിലാക്കി കാര്യങ്ങൾ.
പൊഴിമുറിക്കലും സുരക്ഷിതമായി വെള്ളമൊഴുക്കലും പ്രളയക്കെടുതി ഒഴിവാക്കലുമൊക്കെയാണ് ഇവരെല്ലാം ഉരുവിടുന്ന മൂലമന്ത്രങ്ങളെങ്കിലും ,തോട്ടപ്പള്ളി തീരത്തെ് ഒളിഞ്ഞിരിക്കുന്ന 'കരിമണൽ' എന്ന അമൂല്യ നിധിയെ ചുറ്റിപ്പറ്റിയുള്ള കച്ചവടവും ആ കച്ചവടത്തിലേക്കുള്ള രാഷ്ട്രീയ അന്തഃർധാരയുമൊക്കെയാണ് ബഹളങ്ങളുടെയെല്ലാം ഊർജ്ജം.
റൂട്ട് ഫോർ റിവർ
മോഡലും കൺകെട്ടും
നെതർലാൻഡ് മോഡലിൽ 'റൂട്ട് ഫോർ റിവർ" എന്ന പദ്ധതി വഴി സ്പിൽവെയ്ക്ക് അടിയിലൂടെ നീരൊഴുക്ക് കൂട്ടുകയെന്നതാണ് ജലസേചന വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ കാതൽ.
ലീഡിംഗ് ചാനലിൽ തോട്ടപ്പള്ളി പാലം മുതൽ വീയപുരം വരെയുള്ള 11 കിലോമീറ്റർ ദൂരത്തു നിന്ന് 3.12 ലക്ഷം കുബിക് മീറ്റർ മണലും പാലത്തിനും പൊഴിമുഖത്തിനും ഇടയിലുള്ള രണ്ട് ലക്ഷം ക്യുബിക്ക് മീറ്റർ മണലും നീക്കം ചെയ്യുന്ന ജോലികളാണ് തുടങ്ങിയിട്ടുള്ളത്. മുമ്പ് തുലാവർഷ കാലത്തും കാലവർഷകാലത്തും സർക്കാർ ഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചാണ് പൊഴിയുടെ ആഴം കൂട്ടൽ ജോലികൾ നടന്നിരുന്നത്. ഇക്കുറി സർക്കാർ പണമിറക്കാതെ ജലസേചനവകുപ്പ് മറ്റുവിധത്തിൽ ഇത് ചെയ്യുന്നുവെന്നാണ് ധരിപ്പിക്കുന്നത്. സ്പിൽവെയുടെ കിഴക്കു ഭാഗത്തുള്ള മണ്ണ് എടുക്കുന്നതിനുള്ള കരാർ സ്വകാര്യ ഏജൻസിക്കും പടിഞ്ഞാറു ഭാഗത്തുള്ള മണ്ണ് എടുക്കുന്നതിനുള്ള കരാർ പൊതുമേഖലാ സ്ഥാപനമായ ചവറ കെ.എം.എം.എല്ലിനും നൽകി. മണലിന്റെ അളവനുസരിച്ച് രണ്ടു കൂട്ടരും സർക്കാരിലേക്ക് പണമടക്കണം. ഇതിന് എന്തിന് വിവാദമെന്ന് ചിന്തിക്കുന്നവർക്ക് തെറ്റി, കാരണം തോട്ടപ്പള്ളി തീരത്തെ ഓരോ തരി മണലിനും പൊന്നും വിലയാണ്. ഇപ്പോൾ നിത്യേന ടിപ്പർ ലോറികളിൽ ഇവിടെ നിന്ന് കടത്തപ്പെടുന്ന സമ്പത്ത് എത്രയെന്ന് കണക്കാക്കുമ്പോഴാണ് കളിയുടെ കാണാപ്പുറം പിടികിട്ടുന്നത്.കാരണം കരിമണൽ ഖനനത്തിനെതിരെ ഇവിടെ മുമ്പ് നടന്നിട്ടുള്ള സമരം ഏവർക്കും അറിവുള്ളതാണ്.
സമരത്തിലെ
സമവാക്യങ്ങൾ
കോൺഗ്രസ് നേതൃത്വത്തിൽ യു.ഡി.എഫ് കക്ഷികളാണ് സമരമുഖത്ത് പ്രധാന ശക്തികൾ.2003-ൽ യു.ഡി.എഫ് സർക്കാരാണ് സ്വകാര്യ മേഖലയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയത്.ആദർശം വാരിപ്പുതച്ച് നടക്കുന്ന വി.എം.സുധീരനും ഇടതുപക്ഷ പാർട്ടികളുമെല്ലാമാണ് ഇതിനെതിരെ കടുത്ത സമരവുമായി രംഗത്ത് വന്നത്. തോട്ടപ്പള്ളി ഹാർബറിന്റെ ആഴം കൂട്ടാനെന്ന ആവശ്യത്തിന് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തും ഇവിടെ നിന്ന് മണൽ കൊണ്ടുപോയി. സമൂഹത്തെ ഗ്രസിക്കുന്നതും ഭയപ്പെടുത്തുന്നതുമായ സംഭവങ്ങൾക്കിടയിൽ ഇതെല്ലാം മറന്നതിനാലാണോ ഇപ്പോൾ സമരത്തിന് ആവേശം കാട്ടുന്നതെന്ന ചോദ്യവും ഉയരുന്നു.
ഭരണപക്ഷത്തെ പ്രധാന കക്ഷിയായ സി.പി.എം ജില്ലാ നേതൃത്വം ഈ വിവാദങ്ങളൊന്നും കണ്ട മട്ടുകാണിച്ചില്ല.ചില സ്ഥാപനങ്ങളുടെ പ്രധാന ചുമതല വഹിക്കുന്ന ചില നേതാക്കളാവട്ടെ, മണ്ണ് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത അക്കമിട്ട് നിരത്തുകയും ചെയ്തു.പക്ഷെ ഭരണപക്ഷത്തായിട്ടും സി.പി.ഐയും എ.ഐ.ടി.യുസിയുമെല്ലാം അവരുടെ സമരവീര്യം ഇക്കാര്യത്തിലും കാട്ടി.പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചാണ് അവർ നിലപാട് വ്യക്തമാക്കിയത്.സാമൂഹിക അകലമെന്ന നിയന്ത്രണം ഉള്ളതിനാൽ അവർക്ക് പ്രതിഷേധ പ്രകടനം വൻവിജയമാക്കാനും കഴിഞ്ഞു. ഈ ബഹളങ്ങളൊക്കെ കൊഴുക്കുമ്പോഴും ലോഡ് കണക്കിന് മണ്ണ് ദിവസവും പൊയ്ക്കൊണ്ടിരിക്കുന്നു.
ഇതുകൂടി
കേൾക്കണേ
സാമൂഹിക വനവത്കരണത്തിന്റെ പേരിലാണ് തോട്ടപ്പള്ളി കടലോരത്ത് വി.എസ്.സർക്കാരിന്റെ കാലത്ത് കാറ്റാടി മരങ്ങൾ വച്ചുപിടിപ്പിച്ചത്.വൈകുന്നേരങ്ങളിൽ ഇവിടെ എത്തുന്നവർക്ക് അതിന്റെ നിഴൽപ്പാട് ഒരു സന്തോഷവുമായിരുന്നു. പക്ഷെ ഒരു വെളുപ്പാൻകാലത്ത് , ആയിരത്തി അഞ്ഞൂറ് പൊലീസുകാരുടെ കാവലിൽ അത് മുറിച്ചു കടത്തിയത് എന്തിനെന്ന് മിക്കവർക്കും മനസിലായിട്ടില്ല.കാറ്റാടി മരങ്ങളുടെ വേര് നീരൊഴുക്ക് തടയുമെന്ന് ജലസേചന വകുപ്പിന്റെ കണ്ടെത്തൽ.