india-cricket-camp

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പരിശീലന ക്യാമ്പ് ആഗസ്റ്റ് - സെപ്തംബർ മാസങ്ങളിലായി നടത്താൻ ബി.സി.സി.ഐ ആലോചിക്കുന്നു. മേയ് 25 ന് ശേഷം സ്റ്റേഡിയങ്ങൾ തുറക്കാൻ കേന്ദ്ര ഗവൺമെന്റ് അനുമതി നൽകിയിരുന്നുവെങ്കിലും മൺസൂൺ കാലം കഴിഞ്ഞ ശേഷം ദേശീയ ക്യാമ്പ് തുടങ്ങിയാൽ മതിയെന്ന നിലപാടിലാണ് ബി.സി.സി.ഐ. അതുവരെ വ്യക്തിഗത പരിശീലനം തുടരാൻ കളിക്കാർക്ക് നിർദ്ദേശം നൽകും.

സാധാരണ ഗതിയിൽ ഇന്ത്യൻ ക്യാമ്പ് നടക്കുന്ന ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ ക്യാമ്പ് നടത്തുന്നതിനെക്കുറിച്ച് ഇപ്പോൾ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ബി.സി.സി.ഐ യുടെ ഒരു ഉന്നത ഭാരവാഹി പറഞ്ഞു. കൊവിഡ് ഭീഷണി കുറഞ്ഞ മറ്റേതെങ്കിലുമൊരു സംസ്ഥാനത്തേക്ക് ക്യാമ്പ് മാറ്റുമെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. ഹിമാചൽ പ്രദേശിലെ ധർമ്മശാലയാണ് സാദ്ധ്യതയിൽ മുന്നിൽ നിൽക്കുന്നത്.