ലോക്ക് ഡൗണിന്റെ വിലക്കുകൾ അയഞ്ഞു തുടങ്ങിയതോടെ സാധാരണ ജീവിതം വീണ്ടെടുക്കുകയാണ് മെട്രോ നഗരമായ കൊച്ചി ഉൾപ്പെട്ട എറണാകുളം ജില്ല. കൊച്ചിയും ജില്ലയിലെ മറ്റു പട്ടണങ്ങളും ഉണർവിന്റെ വഴിയിലാണ്. വ്യാപാര, വ്യവമായ, ബിസിനസ് മേഖലകൾ സജീവമാകാൻ ഇനിയും ആഴ്ചകൾ വേണ്ടിവരും. അതിനിടെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ആരോഗ്യമേഖലക്ക് മാത്രമല്ല, പൊതുസമൂഹത്തിനും ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.
അമ്പതു ദിവസത്തിലേറെ ഉറക്കത്തിലായിരുന്നു കൊച്ചി നഗരം. വിജനമായ റോഡുകൾ, അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മെട്രോ ഉൾപ്പെടെ നിശ്ചലമായ ഗതാഗതസംവിധാനങ്ങൾ എന്നതായിരുന്നു നഗരത്തിന്റെ അവസ്ഥ. മാർക്കറ്റും ഷോപ്പിംഗ് മാളുകളും സൂപ്പർ മാർക്കറ്റുകളും വരെ അടഞ്ഞു കിടന്നു.
ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ നഗരജീവിതം ഉണർന്നു തുടങ്ങിയിട്ടുണ്ട്. വൻകിടക്കാർ ഒഴികെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. ബ്രോഡ്വേയും മാർക്കറ്റുകളും സജീവമാകുന്നു. പെട്ടിക്കടകൾ മുതൽ കൂറ്റൻ ഷോപ്പിംഗ് മാളുകൾ വരെ പ്രവർത്തനം പുനരാരംഭിച്ചു. പതിവ് തിരക്കുകളില്ലെങ്കിലും ജനങ്ങൾ ഒഴുകിയെത്തിത്തുടങ്ങി. നഗരവാസികൾ പതിവ് ജീവിതം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കൊച്ചിയുടെ മുഖമുദ്രയായ വ്യാപാര വാണിജ്യ മേഖലകൾ ഉണർന്നുതുടങ്ങി. മറ്റു ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളുടെ വരവ് ആരംഭിച്ചിട്ടില്ല.
കേരളത്തിന്റെ റവന്യൂ വരുമാനത്തിൽ പകുതിയോളം നൽകുന്നത് കൊച്ചി നഗരമാണ്. കൊച്ചിയിലെ സ്ഥാപനങ്ങൾ നൽകുന്ന നികുതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഖജനാവ് നിറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വ്യാപാര, വ്യവസായ, വാണിജ്യ മേഖലകൾ സാധാരണനിലയിലേക്ക് തിരിച്ചെത്തേണ്ടത് സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്കും പരമപ്രധാനമാണ്.
തിരക്കു
തിരിച്ചുപിടിച്ച്
നഗരം
കൊച്ചിയുടെ നിരത്തുകളിൽ കനത്ത വാഹനത്തിരക്കാണ് ഏതാനും ദിവസങ്ങളായി കാണുന്നത്. കാറുകളും ഇരുചക്രവാഹനങ്ങളും നിരത്തുനിറഞ്ഞ് ഓടുന്നു. പൊതുഗതാഗത്തിന് പകരം സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നവർ വർദ്ധിച്ചു. ചരക്കുകളുമായി വരുന്ന വാഹനങ്ങളുടെ പ്രവാഹം പതിവു പോലെയായി. ആട്ടോറിക്ഷകളും ടാക്സികളും നിരത്തിൽ സാധാരണമായി. കെ.എസ്.ആർ.ടി.സിയും സ്വകാര്യ മേഖലയും ബസുകൾ നിരത്തിലിറങ്ങി. എണ്ണത്തിൽ അഞ്ചിലൊന്നു പോലുമായിട്ടില്ലെങ്കിലും ബസുകൾ ഓടുന്നത് സാധാരണക്കാർക്ക് ആശ്വസമായിട്ടുണ്ട്.
ഹോട്ടൽ മേഖലയുടെ ലോക്ക് ഡൗൺ ദുരിതം തീർന്നിട്ടില്ല. റെസ്റ്റോറന്റുകളിൽ നേരിയ ശതമാനം പാഴ്സൽ സർവീസുമായി തുറന്നിട്ടുണ്ട്. വൻകിട ഹോട്ടലുകളും ഓൺലൈൻ പാഴ്സൽ സർവീസിന് മാത്രമായി ഭാഗികമായി പ്രവർത്തിക്കുന്നു. മുറികൾ നൽകാൻ അനുമതി ലഭിക്കാത്തത് ഇവരെ ബാധിച്ചിട്ടുണ്ട്. ചെറുകിട ഹോട്ടലകളും ലോഡ്ജുകളും മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ താമസിക്കാൻ ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ഇവ തിരികെ ലഭിക്കാൻ ഇനിയും വൈകുമെന്നത് ഉടമകളെ ആശങ്കയിൽ തന്നെ നിറുത്തുന്നു.
ആഭ്യന്തര
വിമാനങ്ങൾ
ആരംഭിച്ചു
ബിസിനസ് യാത്രക്കാർ കൊച്ചിയുടെ പ്രത്യേതകയാണ്. ഇൻഫോപാർക്ക് ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്ക് ദിവസവും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വലിയതോതിൽ ഉന്നത ഉദ്യോഗസ്ഥർ എത്തിയിരുന്നു. രാവിലെ വന്ന് വൈകിട്ട് മടങ്ങുന്നവരും രണ്ടോ മൂന്നോ ദിവസം ഹോട്ടലുകളിൽ താമസിക്കുന്നവരും ഇവരിലുണ്ട്. ഇവരുടെ യാത്രകൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച ആഭ്യന്തര സർവീസ് ആരംഭിച്ചു. ബംഗളൂരുവിലേക്കാണ് ആദ്യ വിമാനം പറന്നത്. എല്ലാ ദിവസവും വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്തുകഴിഞ്ഞു. ഇതോടെ ബിസിനസ് യാത്രകൾ വീണ്ടും ആരംഭിക്കാൻ വഴിയെരുങ്ങി.
ചവർപ്പ് കുടിച്ച്
പൈനാപ്പിൾ
ലോക്ക് ഡൗണിന്റെ ദുരിതത്തിൽ നിന്ന് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ പൈനാപ്പിൽ കർഷകരും വ്യാപാരികളും കരകയറിയിട്ടില്ല. മുന്നൂറു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പൈനാപ്പിൾ വ്യാപാരികൾ പറയുന്നു. കർഷകർക്കും വ്യാപാരികൾക്കും കൂടി സംഭവിച്ച നഷ്ടമാണിത്. വിളവെടുക്കാനാം വില്പന നടത്താനും കഴിയാതെ ടൺ കണക്കിന് പൈനാപ്പിൾ നശിച്ചു. സർക്കാർ പിന്തുണയോടെ പൈനാപ്പിൾ ചലഞ്ച് പ്രഖ്യാപിച്ച് വിൽക്കാൻ കഴിഞ്ഞില്ലായിരുന്നെങ്കിൽ നഷ്ടം പിന്നെയും പെരുകിയേനെ.
മുംബയ്, ഡൽഹി, ബംഗളൂരു, ഹൈരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് കയറ്റിവിടാൻ കഴിയാതെ പോയതാണ് പൈനാപ്പിളിന് വിനയായത്. ലോക്ക് ഡൗൺ അയഞ്ഞതോടെ ലോറികളിൽ പൈനാപ്പിൽ കയറ്റിവിടാൻ ആരംഭിച്ചെങ്കിലും മുൻകാലത്ത് ലഭിച്ചിരുന്ന ഓർഡറുകളില്ലെന്നതും വിഷമം സൃഷ്ടിക്കുന്നുണ്ട്. കൃഷിയിലുൾപ്പെടെ ഈ മേഖലയിൽ തൊഴിൽ ചെയ്തിരുന്ന അന്യസംസ്ഥാനക്കാർ മടങ്ങിയതും ഭീഷണിയായി തുടരുകയാണ്.
വീണ്ടും കൊവിഡ് ഭീതിയിൽ
പ്രവാസികളുടെ തിരിച്ചുവരവ് വർദ്ധിച്ചതോടെ കൊവിഡ് ഭീതിയും പെരുകുകയാണ്. ഒരു രോഗി പോലുമില്ലാതെ ഇടക്ക് കൊവിഡ് മുക്തമായ ജില്ലയിൽ 13 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ നാലുപേർക്ക് ഇക്കഴിഞ്ഞ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ എട്ടുപേരും എറണാകുളം സ്വദേശികളാണ്. ഒരു അന്യസംസ്ഥാന തൊഴിലാളിയും പാലക്കാട്, കൊല്ലം, തൃശൂർ സ്വദേശികളുമാണ് മറ്റുള്ളവർ.
പ്രത്യേക ട്രെയിനുകളിലും വിമാനങ്ങളിലും കൊച്ചിയിൽ നൂറുകണക്കിന് പേരാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ദിവസവും എത്തുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവർ പ്രവാസികളുമാണ്. വേണ്ടത്ര പരിശോധനകൾ കൂടാതെയാണ് ഇവരിൽ പലരും നാട്ടിലേക്ക് വരുന്നതെന്നാണ് വ്യക്തമാകുന്നത്. ഇതുയർത്തുന്ന വെല്ലുവിളി നേരിടാൻ ജില്ലാ ഭരണകൂടം ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. കൊച്ചിയിലെത്തുന്നവരെ കർശനമായ പരിശോധന നടത്തിയശേഷമാണ് നിരീക്ഷണത്തിൽ കഴിയാൻ വിടുന്നത്. രോഗ ലക്ഷണങ്ങൾ പ്രകടമായവരെ ജില്ലയിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കും. രോഗമില്ലെന്ന് ഉറപ്പാക്കിയേ ഇവരെ മടങ്ങാൻ അനുവദിക്കൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.
താരസംഘം
ക്വാറന്റൈനിൽ
ആടുജീവിതം സിനിമ ചിത്രീകരിക്കാൻ ജോർദ്ദാനിലെത്തി ലോക്ക് ഡൗണിൽ കുടുങ്ങിയ നടൻ പ്രഥ്വിരാജും സംവിധായകൻ ബ്ളെസിയും ഉൾപ്പെട്ട സംഘം കഴിഞ്ഞയാഴ്ച കൊച്ചിയിൽ തിരിച്ചെത്തി. ചിത്രീകരണം പൂർത്തിയാക്കാൻ കഴിയാതെയാണ് താരവും സംഘവും മടങ്ങിയത്. കൊച്ചിയിലെത്തിയ പ്രഥ്വിരാജ് ഫോർട്ടുകൊച്ചിയിലെ ഹോം സ്റ്റേയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സംവിധായകൻ ബ്ളെസിയും മറ്റ് സംഘാംഗങ്ങളും എറണാകുളത്തു തന്നെ നിരീക്ഷണത്തിൽ തുടരും. നിശ്ചിത ദിവസം പൂർത്തിയാക്കി കൊവിഡ് ടെസ്റ്റിനും വിധേയമായ ശേഷം പുറത്തിറങ്ങിയാൽ മതിയെന്ന തീരുമാനത്തിലാണ് സംഘം.