കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള ഒരു കൊലപാതകത്തിന്റെ നടുക്കത്തിൽ നിന്ന് ഇനിയും മുക്തമായില്ല ജില്ല. ഭർത്താവ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് യുവതിയായ ഭാര്യയെ കൊലപ്പെടുത്തിയതിന്റെ കേസന്വേഷണം പുരോഗമിക്കുമ്പോഴും അത്യപൂർവമായ സംഭവത്തിലെ ദുരൂഹതകൾ തുടരുകയാണ്. അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്ര (25) യെ മേയ് 7ന് പുലർച്ചെയാണ് ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. ഭർത്താവ് സൂരജും മുറിയിലുണ്ടായിരുന്നു. അമ്മ മണിമേഖല ഏറെനേരം വിളിച്ചെങ്കിലും ഉത്ര ഉണർന്നില്ല. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പുകടിയേറ്റാണ് മരണമെന്നും മുറി പരിശോധിക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. തുടർന്ന് മുറിയിൽ ഉത്രയുടെ സഹോദരൻ വിഷു സേനൻ നടത്തിയ പരിശോധനയിൽ അലമാരയുടെ അടിയിൽ കണ്ട മൂർഖനെ തല്ലിക്കൊന്നു. അവിചാരിതമായി പാമ്പ് കടിയേറ്റ് സംഭവിച്ചതെന്ന് കരുതിയ മരണം ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും അഞ്ചൽ പൊലീസിനും തുടർന്ന് റൂറൽ എസ്.പി ഹരിശങ്കറിനും നൽകിയ പരാതിയാണ് വഴിത്തിരിവായത്.
മാർച്ച് 2ന് രാത്രി 8 മണിയോടെ സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വച്ച് ആദ്യം അണലിയുടെ കടിയേറ്റിരുന്നു. വളരെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഐ.സി യൂണിറ്റിലടക്കം 52 ദിവസം ചികിത്സയിലായിരുന്നു. ഭേദമായപ്പോൾ മാതാപിതാക്കൾ ഉത്രയെ ഏറത്തെ വീട്ടിലേക്ക് കൊണ്ടുവന്നു.മേയ് 6 ന് അവിടെ എത്തിയ സൂരജ് അന്നവിടെ തങ്ങി. അന്ന് രാത്രിയിലാണ് വീണ്ടും ഉത്രയ്ക്ക് പാമ്പുകടിയേൽക്കുന്നത്. എ.സി മുറിയുടെ തുറന്നിട്ട ജനാലയിലൂടെയാകാം പാമ്പ് കയറിയതെന്നാണ് സൂരജ് വീട്ടുകാരോട് പറഞ്ഞത്. 2 തവണ പാമ്പ് കടിയേറ്റതിലെ അസ്വാഭാവികത യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സംശയത്തിലാഴ്ത്തി. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഭർത്താവ് അടൂർ പറക്കോട് കാരയ്ക്കൽ ശ്രീസൂര്യയിൽ സൂരജ് (27), സഹായി ചാത്തന്നൂർ കല്ലുവാതുക്കൽ സ്വദേശി സുരേഷ് (പാമ്പ് സുരേഷ്-42) എന്നിവരെ അറസ്റ്റ് ചെയ്തു. സുരേഷിൽ നിന്നാണ് സൂരജ് പാമ്പിനെ വാങ്ങിയത്. സംഭവദിവസം രാത്രി പഴച്ചാറിൽ ഉറക്ക ഗുളിക ചേർത്ത് നൽകിയതിനാലാണ് പാമ്പ് കടിയേറ്റിട്ടും ഉത്ര അറിയാതെ പോയത്.
കോടീശ്വരനാകാനുള്ള
അമിതാവേശം
ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിനു പിന്നിൽ കോടീശ്വരനാകാനുള്ള അമിതാവേശമായിരുന്നു. ഇഷ്ടക്കേട് തോന്നിയതോടെ ഉത്രയെ ഇല്ലാതാക്കി സ്വത്ത് തട്ടിയെടുക്കാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു. ബന്ധം ഒഴിഞ്ഞാൽ ഭൂമിയടക്കം വരുന്ന കോടികളുടെ സ്വത്ത് കൈവിട്ടുപോകും. സ്ത്രീധനമായി വാങ്ങിയ സ്വർണവും കാറും അഞ്ചുലക്ഷവും മറ്റ് സാധനങ്ങളും തിരികെ നൽകേണ്ടിവരും. ബന്ധമൊഴിഞ്ഞാൽ ജീവിതകാലം മുഴുവൻ കോടതി വിധിപ്രകാരം ഉത്രയ്ക്കും കുഞ്ഞിനും ചെലവിന് കൊടുക്കേണ്ടിവരും. അതൊരു ബാദ്ധ്യതയായി മാറിയേക്കുമെന്ന ചിന്തയും ഉത്രയെ വേഗത്തിൽ ഇല്ലാതാക്കാൻ പ്രേരണയായതായാണ് അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായത്. 2018 മാർച്ച് 25 നായിരുന്നു ഇവരുടെ വിവാഹം. 98 പവന്റെ സ്വർണാഭരണങ്ങൾ, അഞ്ചുലക്ഷം രൂപ, മാരുതി ബലനോ കാർ എന്നിവയും നൽകി. കൂടാതെ മൂന്നര ഏക്കറോളം വസ്തുവും സ്ത്രീധനമായി നൽകാമെന്ന് മാതാപിതാക്കൾ സമ്മതിച്ചിരുന്നുവത്രെ. സ്വത്തിലും പണത്തിലും മാത്രമായിരുന്നു സൂരജിന്റെ കഴുകൻ കണ്ണുകൾ. തുടർച്ചയായി ഉത്രയെക്കൊണ്ട് വീട്ടിൽ നിന്ന് പണം വാങ്ങിയിരുന്നു. സൂരജിന്റെ വീട്ടിലെ എന്താവശ്യത്തിനും പണം വാങ്ങിവരാനും വീട്ടിലേക്കയക്കുമായിരുന്നു. തന്നെ സമ്മർദ്ദത്തിലാക്കിയാണ് നിരന്തരം പണം വാങ്ങിയിരുന്നതെന്ന് വിജയസേനൻ പറഞ്ഞു. കാര്യമായ വരുമാനമില്ലാത്ത ജോലിയായതിനാൽ മാസം 8000 രൂപ വീതം ഉത്രയുടെ മാതാപിതാക്കൾ സൂരജിന് നൽകുമായിരുന്നു. സൂരജിന്റെ പിതാവിന് ഓട്ടോറിക്ഷ വാങ്ങാനും സഹോദരിയുടെ പഠനചിലവും വിനോദയാത്ര പോകാനുള്ള ചിലവും അടക്കം കണക്കില്ലാത്ത പണമാണ് വിജയസേനൻ നൽകിക്കൊണ്ടിരുന്നത്. ഉത്രയുടെ അമ്മ സർക്കാർ സർവീസിൽ നിന്ന് ഈ മാസം വിരമിക്കും. ഇങ്ങനെ ലഭിക്കുന്ന തുകയും കൈക്കലാക്കൻ സൂരജ് കണ്ണുവച്ചിരുന്നു. ഉത്ര മരിച്ചാലും കുഞ്ഞ് തന്റെ കൂടെയുള്ള കാലത്തോളം സ്വത്തുക്കളെല്ലാം കയ്യിലാകുമെന്നും കുറച്ചു നാളുകൾ കഴിഞ്ഞ് കുഞ്ഞിനെ നോക്കാനെന്ന പേരിൽ മറ്റൊരു വിവാഹം കഴിക്കാമെന്നും അവിടെ നിന്ന് കിട്ടുന്ന സ്ത്രീധനം കൂടിയാവുമ്പോൾ സുഖിച്ച് ജീവിക്കാമെന്നും സൂരജ് കണക്കുകൂട്ടി. ഉത്രയെ ഇല്ലാതാക്കാൻ പലമാർഗ്ഗങ്ങൾ ആലോചിച്ചെങ്കിലും ആരും സംശയിക്കാത്ത വിധം പദ്ധതി നടപ്പാക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊല്ലുകയെന്നത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്.
കൊവിഡ്
കുതിയ്ക്കുന്നു
ഒരു മാസത്തിനിടെ ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയായി ഉയർന്നു. ജില്ലയിൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച മാർച്ച് 28 മുതൽ ഏപ്രിൽ 28 വരെ 13 രോഗികൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ പിന്നീടുള്ള ഒരുമാസത്തിനിടെ 28 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രവാസികളും അന്യസംസ്ഥാനക്കാരും മടങ്ങിയെത്തിയതോടെയാണ് ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന് തുടങ്ങിയത്. ഇപ്പോൾ 23 പേരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. 41 പേർക്കാണ് ഇതുവരെ രോഗബാധയുണ്ടായത്. 23 പേർ രോഗമുക്തരായി.
ഒരുമാസത്തിനിടെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം പടർന്നത്. ബാക്കി 26 പേരും വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവരാണ്. അന്യനാടുകളിൽ നിന്ന് മടങ്ങിയെത്തി സർക്കാർ ക്വാറന്റൈനിലും ഗൃഹനിരീക്ഷണത്തിലും കഴിയുന്നവരെ ആരോഗ്യവകുപ്പും പൊലീസും കർശനമായി പിന്തുടരുന്നതിനാൽ രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന സാഹചര്യം ഉണ്ടായില്ല.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും കുറവുണ്ട്. 18 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മൂന്നുപേർ മാത്രമാണ് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ രോഗമുക്തരായത്. ഈമാസം 14ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ജില്ലയിലെ കോവിഡ് ബാധിതരെല്ലാം രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരുടെ എണ്ണവും കുത്തനെ ഇടിഞ്ഞു. പിന്നീടാണ് അന്യദേശങ്ങളിൽ നിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ച് തുടങ്ങിയത്. കൂടുതൽ പേർക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും ഉയരുകയാണ്.