food

ഭക്ഷണം ശരീരത്തിന് ആരോഗ്യവും പോഷകങ്ങളും നല്കുകയും രോഗപ്രതിരോധശക്തി ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാൽ ആഹാരം കഴിച്ചാലുടൻ പിന്തുടരുന്ന ചില തെറ്റായ ശീലങ്ങൾ മേൽപ്പറഞ്ഞ ഗുണങ്ങൾ ലഭിക്കാനുള്ള അവസരം നഷ്ടമാക്കും. ആ ശീലങ്ങൾ ഇവയൊക്കെയാണ്. എന്ത് ഭക്ഷണം കഴിച്ചാലും ഉടൻ കിടക്ക തിരയുന്ന ശീലമുള്ളവർ ഓർക്കുക, നിങ്ങളുടെ ദഹന പ്രക്രിയ ഒരിക്കലും സുഗമമായി നടക്കില്ല. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നമുണ്ടാക്കും. ഭക്ഷണം കഴിഞ്ഞാലുടൻ ഉറങ്ങുന്നവർക്ക് ഭക്ഷണത്തിന് മണിക്കൂറുകൾക്ക് ശേഷം ഉറങ്ങുന്നവരേക്കാൾ ഹൃദയാഘാത സാദ്ധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

അമിതഭക്ഷണം കഴിഞ്ഞ് പുകവലിക്കുന്നത് പുകവലിയുടെ ദോഷങ്ങൾ വർദ്ധിപ്പിക്കുമെന്ന് വിദ​ഗ്ധ പക്ഷം. കഴിച്ച ഉടനുള്ള കുളി ദഹനപ്രക്രിയ മന്ദഗതിയിലാകാനും ഉദരസംബന്ധമായ രോഗങ്ങൾക്കും ഇടയാക്കും. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിയാതെ കുളിക്കരുത്. ഭക്ഷണം കഴിച്ചയുടനെയുള്ള ചായ കുടി ഭക്ഷണത്തിൽ നിന്ന് ഇരുമ്പ് ആഗിരണം 87% കുറയ്ക്കും. ഇതിൻ്റെ ഫലമോ വിളർച്ച, തലകറക്കം, വിശപ്പ് കുറയുക എന്നിവയും. ഓർക്കുക, ആഹാരശേഷമുള്ള തെറ്റായ ശീലങ്ങൾ ഉപേക്ഷിക്കുക .