തിരുവനന്തപുരം : ആറ് വർഷത്തെ കൂട്ട് മതിയാക്കി പടിയിറങ്ങിയ സന്ദേശ് ജിംഗാന് പകരം കേരള ബ്ളാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലേക്ക് മറ്റൊരു ഇന്ത്യൻ താരമെത്തുന്നു.കഴിഞ്ഞ അഞ്ചുസീസണുകളിൽ ബംഗളുരു എഫ്.സിക്ക് വേണ്ടി കളിച്ച ഡിഫൻഡർ നിഷു കുമാറിനെയാണ് ബ്ളസ്റ്റേഴ്സ് തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കുന്നത്. അഞ്ചു കോടി രൂപയ്ക്കാണ് മഞ്ഞപ്പട 22കാരനായ താരത്തെ കൊണ്ടുവരുന്നതെന്നാണ് സൂചനകൾ. ഇത് യാഥാർത്ഥ്യമാണെങ്കിൽ ഐ.എസ്.എല്ലിൽ ഏറ്റവും വിലയുള്ള ഇന്ത്യൻ താരമായി നിഷു മാറും.
കൊവിഡ് പശ്ചാത്തലത്തിൽ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നുള്ള ക്ളബ് മാനേജ്മെന്റിന്റെ ആവശ്യത്തോട് പൊരുത്തപ്പെടാതെയാണ് ജിംഗാൻ ബ്ളാസ്റ്റേഴ്സ് വിട്ടത്. 2017ൽ 3.8 കോടി രൂപയ്ക്കാണ് ബ്ളാസ്റ്റേഴ്സ് ജിംഗാനുമായുള്ള കരാർ പുതുക്കിയിരുന്നത്. അന്നത്തെ ഒരിന്ത്യൻ താരത്തിനുള്ള ഏറ്റവും ഉയർന്ന പ്രതിഫലമായിരുന്നു ഇത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടത്തിൽ ജിംഗാന് മുടക്കിയതിലേറെ തുക നിഷുവിനായി ബ്ളാസ്റ്റേഴ്സ് മുടക്കുന്നത് താരത്തിന്റെ ഉപയോഗം മനസിൽ കണ്ടിട്ടുതന്നെയാണ്.
ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ നിഷു പഞ്ചാബിലെ ഛണ്ഡിഗഡ് അക്കാഡമിയിലൂടെയാണ് കളി പഠിച്ചത്. 2011ൽ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ എലൈറ്റ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2015ൽ 18 വയസ് പൂർത്തിയായപ്പോൾ രണ്ട് വർഷത്തെ ലോൺ വ്യവസ്ഥയിൽ ബംഗളുരു എഫ്.സിയിലെത്തി. അടുത്തവർഷം എ.എഫ്.സി കപ്പിൽ പ്രൊഫഷണൽ അരങ്ങേറ്റം.
2016ൽ അണ്ടർ -19 ഇന്ത്യൻ ടീമിലേക്ക് നിഷു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറി.2018ൽ അമ്മാനിൽ വച്ച് ജോർദാനെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീമലെ അരങ്ങേറ്റം. ഇൗ മത്സരത്തിൽ നിഷു ഗോളടിച്ചെങ്കിലും ഇന്ത്യ തോറ്റിരുന്നു. 2019ൽ ഇന്ത്യൻ അണ്ടർ -23 ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.