kerala-blasters

തിരുവനന്തപുരം : അടുത്ത സീസൺ മുതൽ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റാൻ കേരള ബ്ളാസ്റ്റേഴ്സ് തീരുമാനിച്ചിട്ടില്ലെങ്കിലും ചില പ്രീ സീസൺ മത്സരങ്ങൾ കോഴിക്കോട്ട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കളിക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ബ്ളാസ്റ്റേഴ്സ് പ്രതിനിധികളും കോർപ്പറേഷൻ അധികൃതരും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഇതോടെയാണ് ബ്ളാസ്റ്റേഴ്സ് കൊച്ചിവിടുന്നു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്.

കോഴിക്കോട്ടേക്ക് പരിശീലന മത്സരങ്ങൾ മാറ്റുന്നത് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങൾ വച്ചാണ്.

1. മലബാർ മേഖലയിലാണ് ക്ളബിന്റെ കൂടുതൽ ആരാധകരും. ഇവർക്കരികിലേക്ക് കൂടുതലെത്താൻ കോഴിക്കോട്ടെ വേദി സഹായകരമാകും.പുതിയ ഐക്കൺ താരം സഹലിന് മലബാർ മേഖലയിലെ പിന്തുണയിലും ക്ളബിന് നോട്ടമുണ്ട്.

2.കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രീ സീസൺ ട്രെയിനിംഗിന് വിദേശത്തേക്ക് പോകുന്നതിന് അനുകൂല സാഹചര്യമല്ല. കോഴിക്കോട് നല്ല സ്റ്റേഡിയവും പരിശീലന സൗകര്യവുമുണ്ട്.

3. കൊച്ചി സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ ജി.സി.ഡി.എയുമായി കഴിഞ്ഞകൊല്ലം മുതൽ സാമ്പത്തിക കാര്യങ്ങളിൽ ബ്ളാസ്റ്റേഴ്സ് ഇടഞ്ഞുനിൽക്കുകയാണ്. കൊച്ചി വിട്ടാലും കേരളത്തിൽ ക്ളബിന് മറ്റൊരു തട്ടകമൊരുക്കാൻ തങ്ങൾക്ക് കഴിയും എന്ന് ജി.സി.ഡി.എയെ ബോധ്യപ്പെടുത്താനാകും.

ഗോകുലത്തിന് എതിർപ്പ്

നിലവിൽ ഐ ലീഗ് ക്ളബ് ഗോകുലം എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം . ഒരു ക്ളബിന്റെ ഹോംഗ്രൗണ്ടിലേക്ക് മറ്റൊരു ക്ളബ് വരുന്നത് നല്ല കാര്യമല്ലെന്നും ബ്ളാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്ന് അത്തരത്തിലൊരു നീക്കമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഗോകുലം എഫ്.സി ഭാരവാഹികൾ പറഞ്ഞു.