ayurveda

മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ സ്വസ്ഥതയ്ക്ക് - ഉല്പാദനം, വളർച്ച, നിലനില്പ്, നാശം എന്നിവയ്ക്ക് ഭൂമിയിൽ മാത്രമാണ് സാഹചര്യം നിലനിൽക്കുന്നത്. ജീവജാലങ്ങളുടെ ചുറ്റുപാടുകളെയാണ് അവയുടെ പരിസ്ഥിതി എന്നു പറയുന്നത്. ഒരു വ്യക്തിയുടെ (Living Organism) ജീവസന്ധാരണത്തിന് വേണ്ടി അത് അതിന്റെ പരിസ്ഥിതിയിൽ നിന്നും വളരെ അധികം സംഗതികളെ സ്വാംശീകരിക്കുന്നു. ജീവരഹിതമായ ചുറ്റുപാടുകളിൽ നിന്നും വായു, വെള്ളം, മണ്ണ്, പ്രകാശം, ആകാശം (പഞ്ചഭൂതങ്ങൾ) എന്നിവയിലുള്ള വസ്തുക്കളെ ജീവൻ ആശ്രയിക്കുന്നു. അങ്ങനെ ജീവൻ പഞ്ചഭൂതങ്ങളുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഈ ജീവസന്ധാരണ പ്രക്രിയയിൽ നിന്നാണ് ആയുർവേദ വിജ്ഞാനം ആരംഭിക്കുന്നത്. ജീവൻ എന്ന പ്രതിഭാസത്തെ എക്കാലവും നിലനിറുത്താൻ ഭൂമിയിലെ വിശേഷ ബുദ്ധിയുള്ള ഏക ജീവി എന്ന നിലയിൽ എന്തെല്ലാം ചെയ്യണമെന്നും സാഹചര്യങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്നും മനുഷ്യനു മാത്രമേ തിരിച്ചറിയൂ.

ദ്രവ്യങ്ങളെ മൊത്തത്തിൽ സ്വീകരിക്കുന്ന രീതിയിലാണ് ആയുർവേദ ശാസ്ത്രം രൂപപ്പെട്ടിരിക്കുന്നത് . അവയുടെ പ്രവൃത്തി മുഖഘടകങ്ങളിൽ (Active Principles) മാത്രം കൃത്യമായി വേർതിരിച്ച് എക്‌സ്ട്രാറ്റുകൾ ആക്കി മാറ്റി എക്‌സ്ട്രാറ്റുകളെ കൊണ്ട് ആഹാരവും ഔഷധവും ഉണ്ടാക്കിയാൽ അത് പലപ്പോഴും സ്വാഭാവികത നഷ്ടപ്പെട്ട് പാരസ്പര്യം ഇല്ലാതെയാകും. ശിഥിലമായ കുടുംബബന്ധം പോലെ വ്യക്തികൾ ഉപദ്രവകാരികളോ നാശകാരികളോ ആയി മാറാം എന്നതുപോലെ അത്തരം ആഹാര - ഔഷധങ്ങൾ അനാരോഗ്യകരമായി തീരുകയും ചെയ്യാം. അതുകൊണ്ട് ഔഷധങ്ങൾ ഒരുമിച്ചെടുത്ത് സംസ്കരിച്ചുവേണം ഉപയോഗിക്കാൻ.

ദൗർഭാഗ്യമെന്ന് പറയട്ടെ ഇന്ന് സ്വാഭാവിക പച്ചമരുന്നുകളുടെയും അങ്ങാടി മരുന്നുകളുടെയും ജൈവ വസ്തുക്കളുടെയും ജലം തുടങ്ങിയ മറ്റ് അസംസ്കൃത വസ്തുക്കളുടെയും ലഭ്യത വളരെ കുറഞ്ഞ് രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഔഷധങ്ങൾ നടുന്നതും വളർത്തുന്നതും ഇന്ന ഭൂമിയിൽ ആകണമെന്ന് ആയുർവേദ ശാസ്ത്രം നിഷ്കർഷിക്കുന്നുണ്ട്. ഇന്ന കാലത്ത് മാത്രമേ ഔഷധങ്ങൾ ശേഖരിക്കാവൂ എന്നു പറയുന്നു.

പശുവിൻപാൽ കൃത്രിമമില്ലാതെ കിട്ടണം. തേൻ ഈച്ചകളിൽ നിന്നും സ്വാഭാവികമായി തന്നെ കിട്ടണം, വെരികിൻ പുഴു, ഗോരോചനം തുടങ്ങിയവ അകൃത്രിമമായി ലഭിക്കണം. ദശമൂലം, നാല്പാമരം, കടുക്കമരം, കുറുന്തോട്ടി, പതിമുഖം തുടങ്ങിയ വൃക്ഷലതാതികളും പാൽ, തേൻ, ഗോരോചനം, കസ്തൂരി തുടങ്ങിയ ജംഗമ വസ്തുക്കളും ഔഷധ നിർമ്മാണത്തിൽ അത്യന്താപേക്ഷിതമായ വസ്തുക്കളാണ്.

ഇന്ന് സസ്യ ഔഷധ ചികിത്സ വളർന്നു വലുതായി കൊണ്ടിരിക്കുന്നു. ആധുനിക വൈദ്യം പോലെ തന്നെ Alternative Medicineന്റെ സേവനം വളരെയധികം വ്യക്തികൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ, അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ സസ്യ ഔഷധങ്ങളുടെ ഉപയോഗം പതിൻമടങ്ങ് വർദ്ധിച്ചിട്ടുണ്ട്.

(തിരുവനന്തപുരം, പേരൂർക്കട ലയൺസ് ക്ളബ് പ്രസിഡന്റാണ് ലേഖകൻ. ഫോൺ : 8547292842)