2020 ജനുവരി 21. രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗിയായത് ചൈനയിൽ പോയിവന്ന വാഷിംഗ്ടൺ സ്വദേശി. കൃത്യം മൂന്നാഴ്ചകൾക്കുമുമ്പ് തന്നെ ചൈനയിൽ വൈറസ് വ്യാപിച്ചുതുടങ്ങിയിരുന്നു. ജാഗ്രത പാലിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ സാമ്പത്തികരംഗത്തെ തങ്ങളുടെ ഏറ്റവും വലിയ എതിരാളിയായ ചൈനയെ ലോകരാജ്യങ്ങൾക്കുമുന്നിൽ ഒറ്റപ്പെടുത്താനുള്ള വഴികൾ അമേരിക്ക ആലോചിച്ചുതുടങ്ങിയിരുന്നു. ചൈനയിൽനിന്നുള്ള യാത്രക്കാരെ പരിശോധിച്ചും അവിടേക്കുള്ള യാത്ര തടഞ്ഞും അമേരിക്ക നടപടികൾക്ക് തുടക്കമിട്ടു. ആരോഗ്യപ്രവർത്തകർ ആശങ്കപ്പെട്ടു. പക്ഷേ അപ്പോഴും ട്രംപ് പറഞ്ഞു, ഇവിടെ ഒന്നും പേടിക്കാനില്ല, എല്ലാം സേഫാണ്. രാജ്യത്തെ വലിയ വിഭാഗം ആളുകൾ അത് വിശ്വസിച്ചു. ലോകപൊലീസായ രാജ്യത്തെ, ഏതൊരു മഹാമാരിയിൽനിന്നും രക്ഷിക്കാൻ പോന്ന സമ്പത്തും സാമൂഹിക ചുറ്റുപാടും തങ്ങൾക്കുണ്ടെന്ന് അവർ അടിയുറച്ച് വിശ്വസിച്ചു. മറുവശത്ത്, എല്ലാംതികഞ്ഞ ലോകനേതാവെന്ന് സ്വയം വിശ്വസിക്കുന്ന ട്രംപും നിലകൊണ്ടു. ജനുവരി 31ന് കൊവിഡിനെ തുടർന്ന് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെയെങ്കിലും സാധാരണജനങ്ങളിൽനിന്ന് രോഗവ്യാപനത്തിന്റെ തീവ്രത മറച്ചുവയ്ക്കുന്നതിൽ ട്രംപ് ഭരണകൂടം 'വിജയിച്ചു". ആ വിജയത്തിന് ഇതുവരെ നൽകേണ്ടിവന്നത് 1,10,000ൽപരം ആളുകളുടെ ജീവനാണ്.
ഫെബ്രുവരി 26.. കാലിഫോർണിയയിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട രോഗിക്ക് രോഗം പകർന്നുകിട്ടിയത് എവിടെനിന്നെന്ന് കണ്ടെത്താൻ ആരോഗ്യപ്രവർത്തകർക്ക് കഴിഞ്ഞില്ല. സാമൂഹ്യവ്യാപനമെന്ന വലിയ വിപത്തിനെ അഭിമുഖീകരികരിക്കാൻ ഒരുങ്ങുകയായിരുന്നു രാജ്യമപ്പോൾ. എന്നാൽ, രോഗം ഏറ്രവും കൂടുതൽ പടർന്നുപിടിച്ച ന്യൂയോർക്കിലടക്കം പരിശോധനകിറ്റുകളും സുരക്ഷാകവചങ്ങളും വെന്റിലേറ്ററുകളും ലഭിച്ചില്ല. മരണമുഖത്തേക്ക് നടന്നടുക്കുകയായിരുന്നു അമേരിക്കയപ്പോൾ. രാജ്യം ഭരിക്കുന്നത്, രോഗവ്യാപനം തന്റെ രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കാമെന്ന് കരുതിയ തികച്ചും പൊങ്ങച്ചക്കാരനായ ഒരു നേതാവ് കൂടിയായപ്പോൾ അമേരിക്കയുടെ കൊവിഡ് പതനത്തിന് 'മികച്ച തുടക്കം' ലഭിക്കുകയായിരുന്നു. ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങളെ ഇളക്കിവിടാൻ തീർത്തും വംശീയവാദിയായ ട്രംപിന് കഴിഞ്ഞു. സാമൂഹിക നിയന്ത്രണങ്ങൾ ആവശ്യമില്ലാത്തതാണെന്നും തങ്ങളുടെ സ്വതന്ത്രജീവിതത്തിന് അത് തടസമാണെന്നും കരുതി അവർ തെരുവിലിറങ്ങി. ഈ തെരുവ് പ്രക്ഷോഭങ്ങൾക്ക് റിപ്പബ്ലിക്കൻ അനുകൂല സംഘടനകളുടെ മൗനപിന്തുണയുണ്ടായിരുന്നതായാണ് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്. തെരുവിലിറങ്ങിയവരെ അനുനയിപ്പിക്കാനെത്തിയ ആരോഗ്യപ്രവർത്തകരോട് ചൈനയിലേക്ക് പോകാൻ അവർ ആക്രോശിച്ചു.
അബദ്ധങ്ങളുടെ
മഹാമാരി
രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ രാജ്യത്ത് പടർന്നപ്പോഴും മാദ്ധ്യമപ്രവർത്തകർക്കുമുന്നിലും ജനങ്ങൾക്കുമുന്നിലും ട്രംപ് ബുദ്ധിമാനായ തമാശക്കാരന്റെ കുപ്പായമെടുത്തണിഞ്ഞു. വൈറസ് വ്യാപനത്തെ തടയാൻ അണുനാശിനി പ്രയോഗിക്കാം എന്നുള്ള പോയിന്റിനെ പിൻപറ്റി, രോഗികളുടെ ശരീരത്തിൽ അണുനാശിനി കുത്തിവച്ചാൽ പോരെ എന്നുവരെ ചോദിച്ചു അദ്ദേഹം. അതുകേട്ട് രാജ്യത്തെ ആരോഗ്യപ്രവർത്തകർ തലകുനിച്ചു, ലോകം അന്ധാളിച്ചു. ചോദ്യങ്ങളുയർന്നപ്പോൾ, താൻ തമാശ പറഞ്ഞതാണെന്ന് മാറ്റിപ്പറഞ്ഞു. എന്നാൽ, ആ തമാശകേട്ട് നിരവധിപേർ രാജ്യത്ത് അണുനാശിനി കുടിച്ചു ഗുരുതരാവസ്ഥയിലായി. കടകളിൽ അണുനാശിനികളുടെ വിൽപ്പന വർദ്ധിച്ചു. ഒടുവിൽ, തങ്ങളുടെ ഉത്പന്നം കുടിക്കാൻ പാടില്ലെന്നും തങ്ങളതിന് ഉത്തരവാദികളായിക്കില്ലെന്നും രാജ്യത്തെ പ്രമുഖ അണുനാശിനി നിർമ്മാതാക്കൾക്ക് പറയേണ്ടിവന്നു. കനത്ത ചൂടിൽ വൈറസ് നശിച്ചുപോകും എന്നതായിരുന്നു പിന്നീടുള്ള വാദം. ശാസ്ത്രവിരുദ്ധനായ, കാലാവസ്ഥാമാറ്റങ്ങളോട് മുഖം തിരിക്കുന്ന അങ്ങേയറ്റം അജ്ഞനായ ഒരു നേതാവിൽനിന്നും അമേരിക്കയ്ക്ക് കിട്ടിയ ഉപദേശങ്ങളായിരുന്നു ഇവ. കൊവിഡ് പോലെയൊരു വൈറസിനോട് തോറ്റ് തുന്നംപാടാൻ ലോകപൊലീസിന് പിന്നെന്ത് വേണം?
കൊവിഡിലും
തെളിയുന്ന വംശീയത
കൊവിഡ് ബാധിച്ചുമരിക്കുന്നവരിലേറെയും, ആഫ്രിക്കൻ, ഏഷ്യൻ, മറ്റ് വെള്ള ഇതര വംശജരാണെന്ന് അമേരിക്കയെ കൂടാതെ ബ്രിട്ടനും കേൾക്കുന്ന ആക്ഷേപമാണ്. മുൻ പ്രസിഡന്റ് ബറാക് ഒബാമ രൂക്ഷമായ ഭാഷയിലാണ് ഇതേക്കുറിച്ച് കഴിഞ്ഞദിവസങ്ങളിൽ പ്രതികരിച്ചത്. പ്രസിഡന്റ് പദമൊഴിഞ്ഞശേഷം അത്രയധികമൊന്നും ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനവുമയി വരാത്ത ഒബാമയുടെ വാക്കുകൾ ലോകം കേട്ടതും അതേ പ്രാധാന്യത്തോടെയാണ്. വരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച്, രണ്ടാംഘട്ട വിജയത്തിനായി കച്ചകെട്ടിയിരിക്കുന്ന ട്രംപിന് കൊവിഡിനെ അതിജീവിക്കാൻ കഴിയുന്നതെങ്ങനെയെന്നതാണ് ലോകം ഉറ്റുനോക്കുന്നത്.