ചിറ്റാർ : വയ്യാറ്റുപുഴ തേരകത്തുംമണ്ണ് റോഡിൽ ബഥേൽ മാർത്തോമാ ചർച്ചിനോട് ചേർന്നറോഡ് തകർന്ന നിലയിൽ. തേരകത്തുംമണ്ണ്, കുളങ്ങരവാലി, കുന്നം, ഗുരുനാഥൻമണ്ണ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഏകമാർഗമാണ് ഈ റോഡ്. ബഥേൽ മാർത്തോമാ ചർച്ച്, സെന്റ്.ജെയിംസ് മലങ്കര കത്തോലിക്ക ചർച്ച് തുടങ്ങിയ രണ്ടു ദേവാലയങ്ങൾ തകർന്ന് കിടക്കുന്ന റോഡിനോട് ചേർന്നാണ് ഉള്ളത്. ഈ ദേവാലയങ്ങളുടെ രണ്ട് ഓഡിറ്റോറിയവും ഈ റോഡിന്റെ ഇരുസൈഡുകളിലുമായാണ് പ്രവർത്തിക്കുന്നത്. കൊവിഡ് രോഗം വ്യാപിക്കുന്നതിന് മുൻപ് 500ൽ അധികം വിശ്വാസികളും, വിവിധ ആവിശ്യങ്ങൾക്ക് പങ്കെടുക്കാനെത്തുന്ന ആയിരത്തിലധികം പ്രദേശവാസികളും ഈ വഴിയാണ് സഞ്ചാരയോഗ്യമാക്കിയിരുന്നത്. നിരവധി വാഹനങ്ങളും ഈ റോഡിലൂടെ കടന്ന് പോകുന്നുണ്ട്. ദേവാലയത്തോട് ചേർന്നുകിടക്കുന്ന 50മീറ്റർ കയറ്റമാണ് പൂർണമായും തകർന്നുകിടക്കുന്നത്.50മീറ്ററിന് മുകളിൽ പ്രധാനമന്ത്രി ഗ്രാമവികസന റോഡും 100 മീറ്ററിന് താഴെ പി.ഡബ്ലി.യുഡി റോഡുമാണ്. ഇതിനിടയിൽ ഒന്നിലും പെടാതെകിടക്കുന്ന സ്ഥലമാണിത്. നിരവധിതവണ പള്ളിവക പ്രവർത്തകരും നാട്ടുകാരും പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.