നെടുമൺ : ഗവൺമെന്റ് വൊക്കഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.ഓൺലൈൻ ക്ലാസുകളിൽ ഭൗതീകസാഹചര്യങ്ങളുടെ അപര്യാപ്തത മൂലം പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് ആവശ്യമായ ടെലിവിഷൻ സെറ്റുകൾ വിതരണം ചെയ്ത് വീണ്ടും മാതൃകയായിരിക്കുകയാണ് നെടുമൺ ഗവൺമെന്റ് വൊക്കഷണൽ ഹയർസെക്കൻഡറി സ്‌കൂൾ.മുമ്പ് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാകാലത്ത് കുട്ടികൾക്ക് ഭക്ഷണം ഉൾപ്പെടെ തയാറാക്കി നൽകി പ്രത്യേക രാത്രി ക്ലാസ് ഒരുക്കി മാതൃകയായിരുന്നു ഈ സ്‌കൂൾ.ഗവ.വി.എച്ച്.എസ്.എസ്.ലെ പൂർവ വിദ്യാർത്ഥികളും,സി.പി.എം ഏഴംകുളം തെക്ക് ലോക്കൽ കമ്മിറ്റിയും സംയുക്തമായി ആറ് ടെലിവിഷൻ സെറ്റുകൾ സമാഹരിച്ച് ഗവ.വി.എച്ച്.എസ് എസ്.ലെ പ്രിൻസിപ്പലിന് കൈമാറി.സ്‌കൂൾ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്തംഗം സതീകുമാരി ടി.വി സെറ്റുകൾ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.ഏഴംകുളം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ,എസ്.സിബോസ്,ബിനു.കെ,ഡി.വിജയൻ,വിഎച്ച്.എസ്.ഇ പ്രിൻസിപ്പൽ ജനീർലാൽ എന്നിവർ പങ്കെടുത്തു.തുടർന്ന് കുട്ടികളുടെ വീടുകളിൽ സൗജന്യ കേബിൾ കണക്ഷനുകൾ സജ്ജമാക്കുകയും ചെയ്തു.