അടൂർ: പരിസ്ഥിതി ദിനത്തിൽ അഗതിമന്ദിരത്തിന്റെ മുറ്റത്ത് ഒരു മരം നട്ട് അവർ ജീവിതം തുടങ്ങി. കുടുംബക്ഷേത്രമായ തുരുത്തിക്കര ചാമുണ്ഡേശ്വരി ക്ഷേത്രനടയിൽ ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം സാക്ഷിയാക്കി വിവാഹിതരായ വധൂവരൻമാർ നേരെയെത്തിയത് വയോജനപരിപാലന കേന്ദ്രമായ അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിലേക്കായിരുന്നു. മുറ്റത്ത് വൃക്ഷത്തൈ നട്ടശേഷം വധുവിന്റെ ആഗ്രഹപ്രകാരം അഗതിമന്ദിരത്തിൽ തയ്യാറാക്കിയ ഭക്ഷണം അന്തേവാസികൾക്കൊപ്പമിരുന്ന് വധുവരൻമാരും ബന്ധുക്കളും കഴിച്ചു. തുവയൂർ സൗത്ത് ചിറയിൽ കിഴക്കേക്കര പുത്തൻവീട്ടിൽ മണിയുടെയും പരേതനായ നാരായണന്റെയും മകൾ നിഷയും വടക്കടത്തുകാവ് മുരുകൻകുന്ന് പറമ്പിൽ കുഴിയിൽ മണിയൻ - ഭാരതി ദമ്പതികളുടെ മകൻ മഹേഷുമാണ് വിവാഹിതരായത്. കഴിഞ്ഞ ഏപ്രിൽ ഏഴിന് നടത്തേണ്ടിയിരുന്ന വിവാഹം ലോക്ക് ഡൗണിനെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു. കഴിഞ്ഞആറ് വർഷമായി മഹാത്മയിലെ സന്നദ്ധപ്രവർത്തകനാണ് മഹേഷ്.